ഗുരുവായൂര്‍: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലാകുമ്പോള്‍ പാതിരാക്ക് ‘നമ്പര്‍ 14 മെയിന്‍ ഗേറ്റ് കേടായിട്ടുണ്ട്, ഒന്നുപോയി നോക്കൂ’ എന്ന് പറഞ്ഞ് സെക്ഷന്‍ എന്‍ജിനീയറോ ജൂനിയര്‍ എന്‍ജിനീയറോ ഇനി വിളിക്കില്ല. ഗുരുവായൂരിലെത്തുന്ന പല നാടുകളില്‍ നിന്നുള്ളവരുടെ വിവിധ ഭാഷകളിലുള്ള തെറി വാക്കുകള്‍ കേള്‍പ്പിച്ച, യാത്രക്കാരുടെ മര്‍ദനം പോലും വാങ്ങിത്തന്ന ഗേറ്റാണ് അടയാന്‍ പോകുന്നത്. മേൽപാലത്തിന്റെ ഭാഗമായി കിഴക്കെനടയിലെ റെയില്‍വേ ഗേറ്റ് ഇല്ലാതാകുന്നതിനെ കുറിച്ച് ഗേറ്റ്മാനായ നിക്സണ് ഗുരുവായൂരിന്റെ ഫേസ്ബുക് കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്.
ഗേറ്റ് അടക്കുന്നത് സംബന്ധിച്ച ‘മാധ്യമം’ വാര്‍ത്തയുടെ ചിത്രത്തോടെയാണ് നിക്സന് തന്റെ നമ്പര്‍ 14 ഗേറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. നിരന്തരം വാഹനങ്ങള്‍ ഇടിച്ച് ഗേറ്റിന് കേടുപാടുകള്‍ സംഭവിക്കുന്നത്, ട്രാക്ക് വര്‍ക്ക് തീര്‍ക്കാന്‍ ചങ്ങലയിട്ട് സ്റ്റോപ്പ് ബോര്‍ഡ് വെച്ച് റോഡ് അടച്ചിടുമ്പോള്‍ ക്ഷേത്ര നഗരത്തിലെ ഗതാഗതം സ്തംഭിച്ചിരുന്നത്, അടഞ്ഞ ഗേറ്റിന് മുന്നില്‍ രോഗിയുമായി കിടക്കേണ്ടി വരുന്ന ആംബുലന്സിലുള്ളവരും ഗേറ്റ്മാനുമായുള്ള തര്‍ക്കങ്ങള്‍ എന്നിവയെല്ലാം നിക്സന്റെ കുറിപ്പിലുണ്ട്.
ഗേറ്റില്‍ ഇടിച്ചു നിര്‍ത്താതെ പോയ വാഹനങ്ങള്‍ കണ്ടെത്താനുള്ള റെയില്‍വേ പൊലീസിന്റെ നെട്ടോട്ടവും സ്റ്റേഷന് ഡ്യൂട്ടിക്കാരുടെ വേവലാതിയും ഗേറ്റില്‍ തട്ടിയതിന് വലിയ തുക പിഴ നല്‍കേണ്ടി വന്ന സാധരണക്കാരായ ഡ്രൈവര്‍മാരുടെ കണ്ണീരുമെല്ലാം ഈ ഗേറ്റിന്റെ ഓര്‍മകളാണെന്ന് നിക്സന് കുറിക്കുന്നു. പാളം മുറിച്ചുകടക്കുബോള് ട്രെയിന്‍ തട്ടിയ അപകടങ്ങള്‍, മരണങ്ങള് എന്നിവയും കണ്ണീരും ചോരയും കലര്‍ന്ന ഓര്‍മകളാണ്. ഇല്ലാതാകുന്ന ഗേറ്റ് തന്റെ ചെറിയ റെയില്‍വേ ജീവിതത്തിലെ വലിയ അനുഭവങ്ങളാണെന്നും കുറിപ്പിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.