ഗുരുവായൂര്‍: അധ്യാപക വേഷമോ പ്രക്ഷോഭകാരിയുടെ വേഷമോ ഇഷ്ടം എന്നു ചോദിച്ചാല്‍ കെ.ജി. സുകുമാരനെന്ന ഗുരുവായൂരിന്റെ കെ.ജി. മാസ്റ്റര്‍ പറഞ്ഞിരുന്ന ഉത്തരം താന്‍ പ്രക്ഷോഭകാരിയായ അധ്യാപകനാണെന്നായിരുന്നു. ഈ പ്രക്ഷോഭകാരിയുടെ പോരാട്ട വീര്യത്തിന്റെ ചൂട് അനുഭവിച്ചറിഞ്ഞവരില്‍ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി വരെയുണ്ട്.
അഴുക്കുചാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അദ്ദേഹം നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് നേരിട്ട് ഹൈകോടതിയില്‍ എത്തേണ്ടി വന്നു. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് കയ്യില്‍ മടക്കിപ്പിടിച്ച ഒരു കെട്ട് നോട്ടീസുമായി തിരക്കിലൂടെ നടന്നു നീങ്ങുന്ന സുകുമാരന്‍ മാസ്റ്റര്‍ ഗുരുവായൂരിലെ പതിവ് കാഴ്ചയായിരുന്നു. ക്ഷേത്ര നടയില്‍നിന്ന് ഭഗവാനെ തൊഴുമ്പോഴും മാസ്റ്ററുടെ കൈയില്‍ നോട്ടിസുകളുടെ കെട്ടുണ്ടാവും.
റെയില്‍വേ വികസനം, ക്ഷേത്രത്തിന് ചുറ്റും ഭൂമിയെടുക്കല്‍, അഴുക്കുചാല്‍ പദ്ധതി, കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ വികസനം, പോസ്റ്റ് ഓഫിസ് വികസനം, മാലിന്യ പ്രശ്നം ഇങ്ങനെ ഗുരുവായൂരിന്റെ സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ നോട്ടീസില്‍ മാറി മാറിയെത്തി. നിരാഹാരം, ധര്‍ണ, വഴിതടയല്‍, റീത്ത് സമര്‍പ്പണം, പിക്കറ്റിങ്, മൗനവ്രതം തുടങ്ങിയ സമരവഴികളിലൂടെ ഇദ്ദേഹം ഏറെ ദൂരം ഗുരുവായൂരിനായി സഞ്ചരിച്ചു.
തെരുവുകളിലെ പ്രക്ഷോഭങ്ങള്‍ക്കൊപ്പം കോടതി മുറികളും തന്റെ പോരാട്ട വേദിയാക്കി ഈ അധ്യാപകന്. ഗുരുവായൂരിന്റെ പൊതുപ്രശ്നങ്ങള്‍ക്കു വേണ്ടി പല തവണ ഇദ്ദേഹം കോടതികള്‍ക്കു മുന്നിലെത്തി. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന അഴുക്കുചാല്‍ പദ്ധതിക്ക് പുനര്‍ജീവന്‍ നല്‍കിയത് ഈ നിയമ പോരാട്ടമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റും സ്ഥലം ഏറ്റെടുക്കുന്നതിനും വഴിയൊരുക്കിയത് ഇദ്ദേഹത്തിന്റെ നിയമപോരാട്ടം തന്നെ.
ഇപ്പോഴും ഗുരുവായൂരില്‍ വി.ഐ.പികള്‍ എത്തുമ്പോഴെല്ലാം നാടിന്റെ ആവശ്യങ്ങളും ആവലാതികളുമായി മാസ്റ്റര്‍ അവര്‍ക്ക് മുന്നിലെത്തും. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ ജനിച്ച സുകുമാരന്‍ മാസ്റ്റര്‍ ചാത്തന്നൂര്‍ ഹൈസ്കൂളില്‍ നിന്നാണ് അധ്യാപന ജീവിതം തുടങ്ങുന്നത്. പിന്നീട് ചാവക്കാട് ഗവണ്മെന്റ് ഹൈസ്കൂളിലെത്തി. വിരമിക്കും വരെ ചാവക്കാട് സ്കൂളിലായിരുന്നു സേവനം.
അടുത്തിടെ പൂർവ വിദ്യാർഥികൾ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ ഹൈസ്കൂളിലെ അധ്യാപികയായ സരസ്വതിയും മാസ്റ്ററുടെപോരാട്ട വീര്യത്തിന് ഒപ്പം നിന്നിരുന്നു.
തന്റെ പെന്‍ഷന്റെ ഏഴ് ശതമാനം നിര്‍ധന രോഗികളുടെ ചികിത്സക്കും 20 ശതമാനം നാടിനായുള്ള നിയമ പോരാട്ടങ്ങള്‍ക്കും നിവേദനങ്ങള്‍ നല്‍കാനുള്ള യാത്രകള്‍ക്കുമായി ചെലവിട്ടിരുന്നതെന്നാണ് മാസ്റ്റര്‍ പറഞ്ഞിരുന്നത്. 15 ലക്ഷത്തോളം രൂപയാണ് നാടിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ക്കായി സ്വന്തം പെന്ഷന് പണത്തില്‍ നിന്നും ചെലവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.