ഗുരുവായൂർ: ചേലക്കരയിലെ ജനവിധി എൽ.ഡി.എഫിന് എതിരാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി.എൻ. പ്രതാപൻ. മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്തിട്ടും എൽ.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായത് ജനവിധി എതിരായതിന്റെ തെളിവാണെന്നും ചൂണ്ടിക്കാട്ടി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘മിഷൻ 2025’ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ.
ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ സി.എ. ഗോപപ്രതാപൻ, പി.കെ. ജമാലുദ്ദീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി. കൃഷ്ണൻ, സി.എസ്. സൂരജ്, മഹിള കോൺഗ്രസ് സംസ്ഥാന ഭാരവാഹി ബീന രവിശങ്കർ, കെ.പി. ഉദയൻ, കെ.വി. സത്താർ, ഇർഷാദ് ചേറ്റുവ, കെ.ജെ. ചാക്കോ, മണ്ഡലം പ്രസിഡന്റുമാരായ ഒ.കെ.ആർ. മണികണ്ഠൻ, ഹംസ കാട്ടതറ, നളിനാക്ഷൻ ഇരട്ടപ്പുഴ, ഉണ്ണികൃഷ്ണൻ കാര്യാട്ട്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, പി.വി. ബദറുദ്ദീൻ, അനീഷ് പാലയൂർ, രേണുക ശങ്കർ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.എസ്. സറൂഖിനെ ക്യാമ്പിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പുകാർ യോഗം ബഹിഷ്കരിച്ചു. ഇതേ ചൊല്ലി എ-ഐ ഗ്രൂപ്പുകാർ തമ്മിൽ ഉന്തുംതള്ളും നടന്നു. ഡി.സി.സി സെക്രട്ടറി കെ.ഡി. വീരമണി, ബ്ലോക്ക് വൈസ് പ്രസിഡൻറ് സി. മുസ്താക്കലി, ബ്ലോക്ക് സെക്രട്ടറി കെ.വി. ലാജുദ്ദീൻ, ചാവക്കാട് മണ്ഡലം പ്രസിഡൻറ് കെ.വി. യൂസഫലി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് എ ഗ്രൂപ്പുകാർ ഇറങ്ങിപ്പോയത്.
സറൂഖിനെതിരെ കൊല്ലപ്പെട്ട എ.സി. ഹനീഫയുടെ ഭാര്യ കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അതിൽ പരിഹാരമുണ്ടാകുന്നത് വരെ സറൂഖിനെ ബ്ലോക്ക് കമ്മിറ്റിയുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയില്ലെന്നും ബഹിഷ്കരിച്ചവരെ അറിയിച്ചതായി ബ്ലോക്ക് പ്രസിഡൻറ് അരവിന്ദൻ പല്ലത്ത് പറഞ്ഞു. കെ.പി.സി.സി നിർദേശമനുസരിച്ചു സംഘടിപ്പിച്ച ക്യാമ്പ് ബഹിഷ്കരിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് കത്ത് നൽകുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.