കൊടുങ്ങല്ലൂർ: താഴ്ന്ന പ്രദേശങ്ങളിലും ജലാശയങ്ങളോട് ചേർന്നും ചെറിയ തോതിൽ വെള്ളക്കെട്ട് ഉണ്ടായെങ്കിലും മഴ കൊടുങ്ങല്ലൂർ മേഖലയിൽ കാര്യമായ കെടുതികൾ ഉണ്ടാക്കിയില്ല. എങ്കിലും അധികൃതർ ജാഗ്രതയിലാണ്. ഉച്ചക്ക് ശേഷം മഴ അകന്ന് നിന്നതോടെ വെള്ളം വലിഞ്ഞുതുടങ്ങിയിട്ടുണ്ട്. കനോലി കനാലിൽ ജലനിരപ്പ് ഉയർന്നെങ്കിലും താഴ്ന്ന ഇടങ്ങളിൽ മാത്രമാണ് കര കവിഞ്ഞത്.
ഇതേ തുടർന്ന് ചിലയിടങ്ങളിലെല്ലാം പുരയിടങ്ങളിൽ വെള്ളം കയറി. ലോകമലേശ്വരം ഉഴുവത്ത് കടവിൽ തീരറോഡിൽ വെള്ളം കയറിയിരുന്നു. അതേസമയം, അപകടകരമായ സ്ഥിതിവിശേഷമില്ല. ആരെയും മാറ്റി പാർപ്പിക്കേണ്ടി വന്നിട്ടില്ല. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളും ജാഗ്രതയിലാണ്.
പൊയ്യയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്ത് നിന്ന് വീട്ടുകാരെ മാറ്റാൻ നടപടി സ്വീകരിച്ചതായും എറിയാട്-എടവിലങ്ങ് അതാരിൽ കടലോരത്ത് അറപ്പ തുറക്കാൻ നടപടി കൈക്കൊണ്ടതായും താലൂക്ക് അധികൃതർ അറിയിച്ചു. തഹസിൽദാർ താലൂക്കിലെ വില്ലേജ് ഓഫിസർമാരുടെ യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്തി. ഡെപ്യൂട്ടി കലക്ടറും താലൂക്ക് ഓഫിസിൽ എത്തി നടപടികൾ വിലയിരുത്തി.
കാഞ്ഞാണി: കനത്ത മഴയെ തുടർന്ന് മണലൂർ പഞ്ചായത്തിൽ 50 ഓളം വീടുകൾ വെള്ളത്തിലായി. രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, 17, 12, 15, 8 7, 15 വാർഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. അഞ്ചാം വാർഡിലെ കാരയിൽ തുളസി, ചുള്ളിയിൽ ഉഷ, തീയാടി രവീന്ദ്രൻ, ചെള്ളിക്കാട്ടിൽ സുലോചന, മൂലയിൽ ഉഷ, ചിരോത്ത് നിർമ്മല, കോറാട്ട് ബാബു, കോറോട്ട് കുമാരി, തെല്ലിപ്പറമ്പിൽ ശാന്ത, കൊളാട്ട് മണികണ്ഠൻ, പേളി വീട്ടിൽ രവി, കോരാട്ട് മണി, എപ്പോൾ ദേവസി, വള്ളൂ കാട്ടിൽ അശോകൻ.
ചന്ദ്രൻ, ചാലക്കൽ ജോൺസൺ, പണിക്ക വീട്ടിൽ സുബ്രൻ, ചിറയത്ത് അത്താണിക്കൽ ജോസ്, തേവര പുരയ്ക്കൽ തങ്കമണി, മാളിയേക്കൽ സണ്ണി, അറക്കൽ മോഹനൻ തുടങ്ങിയവരുടെ വീടുകളാണ് വെള്ള കെട്ടിനാൽ ബുദ്ധിമുട്ടിലായത്. പല കുടുംബങ്ങൾക്കും കക്കൂസ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യവുമുണ്ട്. മഴ തുടർന്നാൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയാണ്.
ചേലക്കര: ശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങി ചേലക്കര പഴയന്നൂർ ടൗണുകൾ. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചീരക്കുഴി ഡാം കരകവിഞ്ഞ് സമീപപ്രദേശത്തെ വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. പ്രളയത്തിൽ എത്തിയതിനേക്കാൾ കൂടുതൽ വെള്ളം പുഴയിലെത്തിയതായി നാട്ടുകാർ പറഞ്ഞു. പ്ലാഴിയിലും പുഴ കരകവിഞ്ഞ് പ്ലാഴി ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി.
ചേലക്കര പൊലീസ് സ്റ്റേഷൻ മുതൽ തോന്നൂർക്കര വരെ വെള്ളത്തിൽ മുങ്ങിയ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെങ്ങാനെല്ലൂർ വില്ലേജിൽ ഒന്നാം വാർഡിലെ 10 കുടുംബങ്ങളെ കുടുംബശ്രീ ഹാൾ ക്യാമ്പിലേക്ക് മാറ്റി. അഞ്ചാം വാർഡിലെ ആറ് കുടുംബങ്ങളിലെ എൻ.എം.എൽ.പി.എസിലേക്കും മാറ്റിപ്പാർപ്പിച്ചു. കുറുമല ഭാഗത്തെ 19 കുടുംബങ്ങളെ വട്ടുള്ളി പള്ളി ഹാളിലേക്ക് മാറ്റി.
പഴയന്നൂർ ടൗൺ വെള്ളത്തിൽ മുങ്ങി. ബസ് സ്റ്റാൻഡ് പരിസരം, ആലത്തൂർ റോഡ്, പുത്തിരിത്തറ എന്നിവിടങ്ങളിൽ റോഡുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. എളനാട് മേഖലയിൽ വ്യാപകമായി പച്ചക്കറി കൃഷികൾ നശിച്ചു. തിരുവില്വാമല പുനർജനി സ്കൂളിൽ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചീരക്കുഴി പൊരുതിക്കോട് ഭാഗങ്ങളിൽനിന്ന് വെള്ളം കയറിയ വീടുകളിൽനിന്നുള്ള ആളുകളെ മാറ്റിപാർപ്പിച്ചു.
പഴയന്നൂർ ജി.എൽ.പി സ്കൂളിൽ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. നില എളനാട് വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് തിരുമണി ഭാഗത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മേഖലയിലെ നൂറുകണക്കിന് ഹെക്ടർ പടങ്ങൾ വെള്ളത്തിനടിയിലായി. വൈകീട്ടോടെ മഴക്ക് നേരിയ ശമനം ഉണ്ടായി.
ചാവക്കാട്: ശക്തമായ മഴയിൽ തീരദേശ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി വീട്ടുകാർ ദുരിതത്തിൽ. നഗരസഭയിൽ അങ്ങാടിത്താഴത്തെ ഖബർസ്ഥാൻ റോഡും പരിസരവും വെള്ളത്തിൽ മുങ്ങി.
ചക്കംകണ്ടം കായലും ചെറിയ തോടും വലിയ തോടും കനാലി കനാലും കരവിഞ്ഞു. മണത്തല പഴയ പാലത്തിന് വടക്ക് സിംഗർ ലൈനിൽ എച്ച്.എം.സി നഗറിൽ ആറോളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.
പുന്നയൂർ പഞ്ചായത്തിൽ കുട്ടാടൻപാടം, പുന്നയൂർക്കുളം പഞ്ചായത്തിൽ ഉപ്പുങ്ങൽ, പരൂർപാട ശേഖരങ്ങളും നിറഞ്ഞു കവിഞ്ഞതോടെ മേഖലയിലെ പാലങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറി.
പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളായ എടക്കഴിയൂർ, അകലാട്, മന്ദലാംകുന്ന്, പപ്പാളി, അണ്ടത്തോട്, തങ്ങൾപ്പടി ഭാഗങ്ങൾ വെള്ളക്കെട്ടിലാണ്.
അകലാട് മേഖലയിലെ വെള്ളക്കെട്ട് ദുരിതത്തിലായവരെ മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേന്ദ്രൻ അറിയിച്ചു. അണ്ടത്തോട് ബീച്ചിലെ അറപ്പ റോഡും തങ്ങൾപ്പടിയിലും ചാലുകൾ കീറി വെള്ളം കടലിലേക്ക് ഒഴുക്കുന്നതായി പ്രസിഡൻറ് ജസ്മിൻ ഷാഹീർ പറഞ്ഞു.
രൂക്ഷമായ വെള്ളക്കെട്ടുള്ള തങ്ങൾപ്പടി സുനാമി കോളനിയിലുള്ളവർ മാറിത്താമസിക്കാതെ കഴിയുകയാണ്. ഇവരുടെ പ്രശ്നം ഉടനെ പരിഹരിക്കുന്നത് സംബന്ധിച്ച് എൻ.കെ. അക്ബർ എം.എൽ.എയുമായി സംസാരിച്ചതായും ജാസ്മിൻ ഷാഹിർ പറഞ്ഞു. മന്ദലാംകുന്ന് എ.കെ.ജി റോഡിലും സർവിസ് റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.
30 വീടുകൾ വെള്ളത്തിലാണ്. ഇവർക്കായി ക്യാമ്പ് തുറക്കാൻ സന്നദ്ധമാണെങ്കിലും ആരും മാറിത്താമസിക്കാൻ തയാറല്ലെന്നും പലരും ബന്ധുവീടുകളിലേക്ക് മാറിയെന്നും താഹസിൽ ദാർ ടി.പി. കിഷോർ അറിയിച്ചു.
ചാവക്കാട്: താലൂക്കിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വാടനപ്പള്ളി, ഏങ്ങണ്ടിയൂർ, മുല്ലശ്ശേരി, മണത്തല വില്ലേജുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്. ആറ് കുടുംബങ്ങളിൽ നിന്നുള്ള 11 പേർ വാടനപ്പള്ളിയിലും എട്ട് കുടുംബത്തിലെ 15 പേർ ഏങ്ങണ്ടിയൂരിലും രണ്ട് കുടുംബങ്ങളിൽ നിന്നുള്ള ഏഴ് പേർ മുല്ലശ്ശേരിയിലും എത്തിയുണ്ടെന്ന് താഹസിൽ ദാർ ടി.പി. കിഷോർ അറിയിച്ചു.
മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ആറ് കുടുംബം എത്തിയതായി നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അറിയിച്ചു. അതത് വില്ലേജ് ഓഫിസർമാരും തദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുമാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്.
ഒല്ലൂര്‍: ചൊവ്വാഴ്ച പുലര്‍ച്ച മുതല്‍ ആരംഭിച്ച ശക്തമായ മഴയില്‍ വ്യാപകനാശം. മലയോര മേഖലയായ മരോട്ടിച്ചാല്‍, വല്ലൂര്‍, ചീരകുണ്ട്, വഴിനടച്ചിറ, ചുള്ളിക്കാവ്, പുത്തന്‍കാട് പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഇവിടെയുള്ള പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
മഴവെള്ളപ്പാച്ചില്‍ വഴിനടച്ചിറയിലെ പാലം അപകടത്തിലായി. മാന്ദാമംഗലം വെള്ളകാരിതടം റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കൈനൂര്‍-പുത്തൂര്‍ റോഡിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറിയതിനെതുടര്‍ന്ന് വീട്ടുകാരെ പുത്തൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
കയറിയതിനെ തുടര്‍ന്ന് സാധനങ്ങള്‍ എടുക്കാന്‍ വീട്ടിലേക്ക് വന്ന യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി. കൈനൂര്‍ കരാട്ടുപറമ്പില്‍ തിലകന്റെ മകന് അഖിലിനെയാണ് (21) കാണാതായത്. തൃശൂരില്‍നിന്നും ഫയര്‍ ഫോഴ്സ് എത്തി അഖിലിന് വേണ്ടി തിരച്ചില്‍ നടത്തി.
ഒല്ലൂര്‍ ഇ.എസ്.ഐക്ക് സമീപം ലക്ഷം വീട്ടില്‍ ചിറ്റിലപ്പിള്ളി സൂസിയുടെ വീടിന്റെ ഭീത്ത് മഴയില്‍ കുതിര്‍ന്ന് വീണു. റെയില്‍പാതക്ക് സമീപം എടക്കുന്നി മോഹനന്റെ വീടിന്റെ ഭിത്തിയും തകര്‍ന്ന് വീണ് വീട് വിഴാറായ അവസ്ഥയിലാണ്. എന്നാല്‍ വീട്ടില്‍ ഉണ്ടായിരുന്നവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.