നഗര, ഗ്രാമ വ്യത്യാസമില്ലാതെ ചെന്നുകയറാൻ അറപ്പുളവാക്കുന്ന ചില സ്ഥലങ്ങളുണ്ട്. മൂക്ക് പൊത്തിയാലും മനംപിരട്ടും. ഉൾവഴികളും ഉൾനാടൻ റോഡുകളും സ്ഥാപനങ്ങളുടെ പിൻഭാഗവും മറ്റും മല-മൂത്ര വിസർജന കേന്ദ്രങ്ങളാക്കിയ സ്ഥലങ്ങളാണിവ. ‘വെളിയിട വിസര്‍ജന മുക്തം’ ഘോഷത്തോടെ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ഈ കാഴ്ച കുറവല്ല. പിഴ ചുമത്താനും മറ്റും വകുപ്പുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങൾ അനങ്ങാത്തതാണ് ഇത് തുടരാൻ കാരണം. അതിനൊരു മറുവശവുമുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്ക് പൊതുശൗചാലയങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണം. അതില്ലാത്തതും ഈ അവസ്ഥ തുടരാൻ കാരണമാണ്...
വടക്കാഞ്ചേരി: പൊതുജനത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വടക്കാഞ്ചേരി നഗരസഭക്ക് ഇനിയുമേറേ സഞ്ചരിക്കാനുണ്ട്. തലപ്പിള്ളി താലൂക്ക് ആസ്ഥാനത്തെ വടക്കാഞ്ചേരി സിവിൽ സ്റ്റേഷൻ ജങ്ഷനിൽ പൊതു ശൗചാലയമില്ലാത്തത് ജനങ്ങൾക്ക് നൽകുന്നത് തീരാദുരിതമാണ്.
താലൂക്ക് ഓഫിസ്, ട്രഷറി, സിവിൽ സപ്ലൈസ് ഓഫിസ്, ജോ. ആർ.ടി.ഒ, ലേബർ ഓഫിസ്, രജിസ്ട്രേഷൻ ഓഫിസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളും കോടതികളുമുള്ള ഇവിടെ നൂറുകണക്കിന് ആളുകളാണ് ദിനേന വന്നുപോകുന്നത്. സർക്കാർ ഓഫിസുകളിലെ ശൗചാലയങ്ങൾ ജീവനക്കാർക്ക് മാത്രമുള്ളതാണ്. ഓഫിസുകളിലും കോടതികളിലും വിവിധ കാര്യങ്ങൾക്ക് എത്തുന്നവർ പ്രാഥമികാവശ്യം നിർവഹിക്കാൻ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പൊലീസ് സ്റ്റേഷൻ പരിസരത്തെ സർക്കാർ ഓഫിസ് സമുച്ചയത്തിലും സ്ഥിതി ഇതുതന്നെ. നഗരത്തിൽ കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. വടക്കാഞ്ചേരി, ഓട്ടുപാറ ബസ് സ്റ്റാൻഡുകളിലായി രണ്ട് കംഫർട്ട് സ്റ്റേഷനുകളാണുള്ളത്. വടക്കാഞ്ചേരി സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ടും മൂന്നും ശൗചാലയം ഉണ്ടെങ്കിലും ഗതാഗത പരിഷ്കരണം വന്നതോടെ യാത്രക്കാർ ഇവിടെനിന്ന് അകന്നു. തൃശൂർ, ഷൊർണൂർ ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിൽ കയറാത്തതിനാൽ യാത്രക്കാരുടെ തിരക്കില്ല. കുന്നംകുളം ഭാഗത്തേക്കുള്ള ബസ് യാത്രക്കാർ മാത്രമാണ് ഇവിടെ എത്തുന്നത്.
ഇവിടത്തെ കംഫർട്ട് സ്റ്റേഷൻ വൈകീട്ട് നാലിനുശേഷം അടക്കും.
ജനത്തിരക്കുള്ള ഓട്ടുപാറ ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷനിൽ പുരുഷന്മാർക്ക് സൗകര്യം കുറവാണ്. നൂറുകണക്കിന് ബസ് ജീവനക്കാർ ആശ്രയിക്കുന്ന ഇടമാണിത്. അതോടെ, തൊട്ടപ്പുറത്തെ പാടത്തും പറമ്പിലും കാര്യം സാധിക്കേണ്ട ഗതികേടാണ്. സ്ത്രീകൾക്ക് സൗകര്യമുണ്ടെങ്കിലും ഒട്ടും സ്ത്രീസൗഹൃദമല്ല. ദുർഗന്ധമാണ് ശൗചാലയങ്ങളിലെ പ്രധാന പ്രശ്നം. വൃത്തിയാക്കുന്ന പതിവ് ഇല്ലാത്തതുതന്നെ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.