ഇരിങ്ങാലക്കുട: തുടർച്ചയായ മഴയിലും കാറ്റിലും മണ്ഡലത്തിൽ വ്യാപക നഷ്ടം. മഴയിൽ കാറളം പഞ്ചായത്തിൽ ആലുക്കക്കടവ്, ചെങ്ങാനിപ്പാടം പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയതോടെ കാറളം എ.എൽ.പി.എസ് സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. അഞ്ച് കുടുംബങ്ങളിൽനിന്നായി കുട്ടികളടക്കം 16 പേരാണ് ക്യാമ്പിലുള്ളത്. നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാറളം നന്തിയിലെ ഐ.എച്ച്.ഡി.പി കോളനിയും വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. കാറളത്ത് കഴിഞ്ഞ ദിവസങ്ങളിലായി മരങ്ങൾ വീണ് നാല് വീടുകൾക്ക് ഭാഗിക നഷ്ടം സംഭവിച്ചിരുന്നു. കാട്ടൂർ പഞ്ചായത്തിൽ ചെമ്പൻച്ചാൽ പ്രദേശം വെള്ളക്കെട്ടിന്റെ ആശങ്കയിലാണ്. ഇവിടെ ഒരു വീട്ടിൽ വെള്ളം കയറിയിട്ടുണ്ട്.
വാർഡ് രണ്ടിൽ കരാഞ്ചിറ പ്രദേശത്ത് മരം വീണ് നായരുപറമ്പിൽ ശശിയുടെ കടക്ക് നഷ്ടങ്ങൾ നേരിട്ടിരുന്നു. പടിയൂർ പഞ്ചായത്തിൽ മഠത്തിപറമ്പിൽ അനിൽകുമാറിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. പൂമംഗലം പഞ്ചായത്തിൽ എടക്കുളം എലമ്പലക്കാട്ട് ക്ഷേത്രത്തിനടുത്ത് മൂന്ന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. രണ്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
കൊടകര: കനത്ത മഴയില്‍ വീട്ടുകിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. കൊടകരയിലെ അഴകത്തും മറ്റത്തൂരിലെ ഇഞ്ചക്കുണ്ടിലുമാണ് വീട്ടുമുറ്റത്തെ കിണറുകള്‍ ഇടിഞ്ഞു താഴ്ന്നത്. ഇഞ്ചക്കുണ്ട് നീണ്ടുതലക്കല്‍ ജസ്റ്റിന്റെ വീട്ടുകിണര്‍ ആള്‍മറയടക്കം ആറടിയോളം താഴ്ചയിലേക്കാണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കൊടകര അഴകത്ത് സുരഭി നിവാസില്‍ റാവുവിന്റെ വീട്ടുമുറ്റത്തെ കിണര്‍ വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് വലിയ ശബ്ദത്തോടെ ആള്‍മറയടക്കം ഇടിഞ്ഞുതാഴ്ന്നത്. കിണറിനോടുചേര്ന്നു സ്ഥാപിച്ചിരുന്ന മോട്ടോര്‍പമ്പും മണ്ണിനടിയിലായി.
ആമ്പല്ലൂർ: അളഗപ്പനഗർ പയ്യാക്കരയിൽ മഴയിൽ വീട് തകർന്നു. പയ്യാക്കര മാപ്രാണി ജോയിയുടെ ഓടിട്ട വീടാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. വീടിന്റെ അടുക്കള വശം പൂർണമായും നിലംപൊത്തി. ജോയിയും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസം. അപകട സമയത്ത് ജോയിയുടെ മകൻ വീടിനകത്ത് ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാലപ്പഴക്കമുള്ള വീടിന്റെ ചുമരും വീണ നിലയിലാണ്. ആമ്പല്ലൂർ വില്ലേജ് ഉദ്യോഗസ്ഥരും അളഗപ്പനഗർ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. വാർഡ് അംഗം ജിജോ ജോണിന്റെ നേതൃത്വത്തിൽ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.
ചേർപ്പ്: കനത്ത മഴക്കെടുതിയെ തുടർന്ന് ചേർപ്പിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ചേർപ്പ് ഗവ. ജൂനിയർ ബേസിക് സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ്. ചേർപ്പ്, മുത്തുള്ളിയാൽ, പണ്ടാരച്ചിറ, എട്ടുമന, ഊരകം, തോപ്പ്, പണ്ടാരച്ചിറ, തെക്കുംപാടം എന്നീ മേഖലയിലെ 20 കുടുംബങ്ങളിലെയടക്കം 61 പേരാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
നാട്ടിക നിയോജക മണ്ഡലത്തിലെ മഴക്കെടുതി സാഹചര്യങ്ങൾ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്ന് സി.സി. മുകുന്ദൻ എം.എൽ.എ പറഞ്ഞു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന അക്ബർ, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, സെക്രട്ടറി മുംതാസ്, വില്ലേജ് ഓഫിസർ ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത ജിനു, കെ.ബി. പ്രജിത്ത്, നസീജ മുത്തലിഫ്, ധന്യ സുനിൽ, അനിതാ അനിലൻ, പ്രിയത പ്രസാദ് എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
കാട്ടൂര്‍: പഞ്ചായത്തില്‍ അടിയന്തര അവലോകനയോഗം ചേരുകയും സ്ഥിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന്, വില്ലേജ് ഓഫിസര്‍ ആശ ഇഗ്നേഷ്യസ്, പഞ്ചായത്ത് അംഗങ്ങള്‍, നിർവഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടിയന്തരസാഹചര്യത്തില്‍ പഞ്ചായത്ത് ഓഫിസില്‍ ആരംഭിച്ചിട്ടുളള കണ്ട്രോള് റൂമിലുളള 8547453383 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വെളളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറണമെന്നും അധികൃതര്‍ അറിയിച്ചു.
ആമ്പല്ലൂർ: മഴയില്‍ പറപ്പൂക്കര പഞ്ചായത്തിലെ നന്തിക്കര മീന്കുഴിപ്പാടം പ്രദേശത്ത് വെള്ളം കയറിയതിനെ തുടർന്ന് അതിഥി തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. നന്തിക്കര ഗവ. സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നാല് കുടുംബങ്ങളിലുള്ള 14 അതിഥി തൊഴിലാളികളാണുള്ളത്. പഞ്ചായത്തിലെ തൊട്ടിപ്പാൾ സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 17 പേരുണ്ട്. അതേ സമയം പന്തല്ലൂർ സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങിയതോടെ ക്യാമ്പ് അവസാനിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മഴ ശക്തമായാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളോട് ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അനൂപ് പറഞ്ഞു.
മാള: ചാലക്കുടി പുഴയിൽ ക്രമാതീതമായി ജലനിരപ്പുയർന്നത് എരയാംകുടി-എളവൂർ റോഡിന് അപകട ഭീഷണിയായി. എളവൂർ പമ്പ് ഹൗസിന് സമീപം റോഡ് തിരിയുന്നിടത്താണ് അപകടഭീഷണി. ഇവിടെ പുഴ കരയോടടുത്ത് നിൽക്കുകയാണ്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് സംഭവം. ഇവിടെ പുഴയരികിൽ സംരക്ഷണഭിത്തിയില്ല. രാത്രികളിൽ വാഹനങ്ങൾ പുഴയിലേക്ക് വീഴാൻ ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ പ്രളയത്തിൽ റോഡുകളിൽ പുഴ കയറിയിരുന്നു. അന്ന് പുഴയോരത്തെ റോഡുകൾ ഉയർത്തി നിർമിക്കണമെന്ന് ആവശ്യമുയർന്നു. വെസ്റ്റ് കൊരട്ടി വാളൂർ, അന്നമനട-മാമ്പ്ര, എരയാംകുടി-എളവൂർ, കുഴൂർ-കുണ്ടൂർ, തിരുമുക്കുളം-കുണ്ടൂർ മൈത്ര, വയലാർ-ചെത്തികോട്, ആലമറ്റം-കണക്കൻകടവ് എന്നീ റോഡുകളിൽ പുഴ ഭീഷണിയാണ്. ഈ റോഡുകളിൽ വെള്ളക്കെട്ട് ഉയരുന്ന ഭാഗങ്ങൾ ഉയർത്തി നിർമിക്കേണ്ടതുണ്ട്. അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചാലക്കുടി: മഴയും കാറ്റിനെയും തുടർന്ന് നേന്ത്രക്കായ പ്രാദേശിക വിപണിയിൽ സുലഭമായി. മേലൂർ, പരിയാരം, കാടുകുറ്റി തുടങ്ങിയ പഞ്ചായത്തുകളിലെയും ചാലക്കുടിയിലെയും വാഴ കർഷകർ കാറ്റും മഴയും ശക്തമായതിനാൽ ഒടിഞ്ഞു വീഴും മുമ്പ് വാഴക്കുലകൾ വെട്ടിയെടുത്തതാണ് വിപണിയിൽ കൂടുതലായെത്താൻ കാരണം. കൂടാതെ ഇത്തവണ കൂടുതൽ കായ ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. വേനൽമഴ സജീവമാകാഞ്ഞതിനാൽ വാഴത്തോട്ടങ്ങളിൽ കൃഷിനാശം ഉണ്ടായില്ല.
കാലവർഷത്തെ തുടർന്ന് കോട്ടാറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ വാഴത്തോപ്പുകളിൽ വെള്ളം കയറിയിരുന്നു. കാറ്റത്തും മറ്റും ഒടിഞ്ഞു വീഴുന്നതിനുമുമ്പ് ഇവ വെട്ടിയെടുക്കുകയായിരുന്നു. സാധാരണ ഗതിയിൽ പാകമെത്തിയ തോട്ടങ്ങളിൽനിന്ന് മറ്റ് ജില്ലകളിലേക്ക് കയറ്റി കൊണ്ടുപോവുകയാണ് പതിവ്. എന്നാൽ നേരത്തെ വേണ്ടത്ര ആസൂത്രണം ചെയ്യാൻ കഴിയാത്തതിനാൽ മറ്റ് സ്ഥലങ്ങളിലെ വിപണിയിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രാദേശിക വിപണികളിൽ എത്തിച്ചത്. കൂടുതൽ കായ എത്തിയാലും വലിയ വിലയിടിവ് ഉണ്ടായിട്ടില്ല. കിലോക്ക് 45 മുതൽ 50 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്.
കൊടകര: മറ്റത്തൂരിലെ വെള്ളിക്കുളം വലിയതോടിനോടു ചേര്‍ന്നുള്ള തോട്ടങ്ങളില്‍ പ്രതീക്ഷയോടെ നട്ടുനനച്ചു പരിപാലിച്ച വാഴകള്‍ ദിവസങ്ങളായി വെള്ളത്തില്‍. ദിവസങ്ങളായി കനത്തുപെയ്യുന്ന മഴയില്‍ മറ്റത്തൂരിലെ പ്രധാന ജല േസ്രാതസായ വെള്ളിക്കുളം വലിയ തോട് കരകവിഞ്ഞൊഴുകിയതാണ് വാഴത്തോട്ടങ്ങളില്‍ വെള്ളം കയറാനിടയാക്കിയത്.
മൂന്നുദിവസത്തില്‍ കൂടുതല്‍ വാഴകളുടെ ചുവട്ടില്‍ വെള്ളം കെട്ടിനിന്നാല്‍ മഞ്ഞളിപ്പ് ബാധിച്ച് നശിക്കുമെന്നിരിക്കെ നാലുദിവസത്തിലേറെയായി മറ്റത്തൂരിലെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് വാഴകള്‍ വെള്ളത്തിലാണ്. പല തോട്ടങ്ങളിലും നാലടിയിലേറെയാണ് വെള്ളം ഉയര്‍ന്നിട്ടുള്ളത്. കടമ്പോട്, ചാഴിക്കാട്, മന്ദരപ്പിള്ളി, നൂലുവള്ളി, മൂന്നുമുറി, ചെട്ടിച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തോട്ടങ്ങളില്‍ വെള്ളം കയറിയിട്ടുള്ളത്.
ചാഴിക്കാട് പ്രദേശത്ത് പാട്ടത്തിനെടുത്ത മൂന്നേക്കറില്‍ വാഴകൃഷിയിറക്കിയ മുരിക്കുങ്ങല്‍ താളൂപ്പാടം ആരോത പൗലോസിന്റെ 1500ലേറെ വാഴകളുള്ള തോട്ടത്തിലെ മിക്ക വാഴകളും നാലുദിവസമായി വെള്ളക്കെട്ടിലാണ്. സമീപത്തുകൂടി ഒഴുകുന്ന വലിയതോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് പൗലോസിന്റെ വാഴത്തോട്ടം മുങ്ങിയത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പൗലോസ് പറയുന്നു. കടമ്പോട് വലിയതോടിന് സമീപത്തെ അതിയാരത്ത് ശിവന്റെ കൃഷിയിടത്തിലുള്ള എണ്ണൂറോളം നേന്ത്രവാഴകളും ദിവസങ്ങളായി വെള്ളത്തിലാണ്. മറ്റത്തൂര്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ വാഴകൃഷി നാശത്തിന്റെ വക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.