ഇരിങ്ങാലക്കുട ഠാണാവില്‍ കത്തിനശിച്ച ചായക്കടകള്‍
ഇരിങ്ങാലക്കുട: ഠാണാവില്‍ ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടകള്‍ ഭാഗികമായി കത്തിനശിച്ചു. ഉച്ചക്ക് മൂന്നരയോടെയാണ് പ്രദേശത്തെ മുഴുവന്‍ പരിഭ്രാന്തിയിലാക്കി സി.കെ.കെ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ടീസ്പോട്ട് കടയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിച്ചത്. വിവരമറിയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷ സേന വിഭാഗത്തില്‍ നിന്നുള്ള രണ്ട് യൂനിറ്റ് എത്തി മുക്കാല്‍ മണിക്കൂര്‍ നേരത്തേ ശ്രമഫലമായിട്ടാണ് തീയണച്ചത്. ഫ്രിഡ്ജും അലമാരയും അടക്കമുള്ളവ കത്തി നശിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡിലുള്ള കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ടീ സ്പോട്ടിനോട് ചേര്‍ന്നുള്ള സ്നേഹ സ്റ്റോഴ്സ് എന്ന കോഫി ഷോപ്പിലേക്കും തീ വ്യാപിച്ചിരുന്നു.
ഇരു കടകളിലുമായി ആറോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായി അഗ്നിരക്ഷ സേന വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടനെ ടീ സ്പോട്ടിലെ ജീവനക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. പുക ഉയര്‍ന്നതോടെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലെ ജീവനക്കാരും പുറത്തിറങ്ങിയതായും ഭീതി നിറഞ്ഞ സാഹചര്യമായിരുന്നുവെന്നും അടുത്തുള്ള കടകളിലെ ജീവനക്കാര്‍ പറഞ്ഞു. അടുത്തുള്ള കണ്ണട കടയുടെ ബോര്‍ഡും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. സ്റ്റേഷന് ഓഫിസര്‍ കെ.എസ്. ഡിബിന്‍, ഉദ്യോഗസ്ഥരായ നിഷാദ്, ലൈജു, പ്രദീപ്, ദിലീപ്, സുമേഷ്, മഹേഷ്, സന്ദീപ്, ജെറിന്, ഹോം ഗാര്‍ഡുമാരായ ലിസ്റ്റന്‍, ജയ്ജോ, രാജു, സുഭാഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.