ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ അമിതവേഗതയും തുടർന്നുണ്ടാകുന്ന അപകടങ്ങളും കെ.എസ്.ടി.പി റോഡ് നിർമാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് ബസുകൾ നടത്തുന്ന സർവിസുകളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ ഇരിങ്ങാലക്കുട പ്രത്യേക യോഗം വിളിച്ച് ചേർക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം.
റോഡ് നിർമാണത്തെ തുടർന്നുള്ള ദുരിതങ്ങൾ നേരിടുന്നത് ഇരിങ്ങാലക്കുട നിവാസികളാണെന്നും തൃശൂരിൽ യോഗം ചേർന്നത് കൊണ്ട് കാര്യമില്ലെന്നും ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും പൊലീസ്, മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരെയും ചേർത്ത് പ്രാദേശികമായി യോഗം വിളിക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
ബസുകളുടെ സമയക്രമം പുനക്രമീകരിച്ച് കൊടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നു. നഗരത്തിലെ ഭൂരിപക്ഷം ഓട്ടോറിക്ഷകളും മീറ്റർ ഇല്ലാതെയാണ് സർവിസ് നടത്തുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ഇക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അറിയിച്ചു.
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും തനത് ഫണ്ട് കൊണ്ടുള്ള നിർമാണ പ്രവൃത്തികൾ നഗരസഭ യോഗത്തിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് സാധ്യമായില്ലെന്നും കൗൺസിലർമാരുടെ ഫണ്ടുകൾ സംയോജിപ്പിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അറിയിച്ചു.
കാട്ടൂർ ഇൻസ്ട്രിയൽ എസ്റ്റേറ്റിലെ യൂനിറ്റുകളിൽ നിന്നുള്ള മാലിന്യ വിഷയത്തിൽ കിണർ ജലത്തിന്റെ കാക്കനാട് നിന്നുള്ള ലാബ് റിപ്പോർട്ട് കിട്ടിയതിനുശേഷം അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി സർവിസുകൾ സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോർഡ് സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.