ഇരിങ്ങാലക്കുട: നാലുവർഷമെടുത്ത് നിർമാണം പൂർത്തിയാക്കിയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അടഞ്ഞുതന്നെ. ആരോഗ്യ രംഗത്ത് ദേശീയതലത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനത്തിലെ മൂർക്കനാട് ജനകീയാരോഗ്യ കേന്ദ്രത്തിനാണ് ഈ ദുർവിധി. ഇരിങ്ങാലക്കുട നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 40, 41 വാർഡുകളിലെ മൂവായിരത്തോളം വീടുകളിൽനിന്നായി 12,000ഓളം പേർക്ക് പ്രതിരോധ കുത്തിവെപ്പുകൾ അടക്കമുള്ള ചികിത്സകൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനത്തിന്റെ തറക്കല്ലിട്ടത് 2020 സെപ്റ്റംബർ ആറിനാണ്. വർഷങ്ങളുടെ പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ച് നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 17 ലക്ഷം രൂപ ചെലവഴിച്ച് 720 ചതുര അടിയുള്ള കെട്ടിടത്തിന്റെ നിർമാണത്തിനാണ് ടി.എൻ. പ്രതാപൻ എ.പിയായിരുന്നപ്പോൾ തറക്കല്ലിട്ടത്. തുടർന്ന് 2022-23 വർഷത്തിൽ ടൈലുകൾ വിരിക്കാൻ മൂന്നുലക്ഷം രൂപ കൂടി അനുവദിച്ചു. മൂന്ന് വർഷം കൊണ്ടാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 2023-24 വർഷത്തിൽ വൈദ്യുതി വത്കരണം ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾക്കായി 12 ലക്ഷം കൂടി അനുവദിച്ചു.
നവീകരിച്ച മൂർക്കനാട് സബ് സെൻററിന്റെ ഉദ്ഘാടനം നടത്തിയത് ഈമാസം എട്ടിനാണ്. എന്നാൽ, വൈദ്യുതി, ഫർണിച്ചർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. മൂർക്കനാട് ശിവക്ഷേത്രത്തിനടുത്തുള്ള അംഗൻവാടിയിലാണ് സബ് സെൻറർ താൽക്കാലികമായി പ്രവർത്തിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളും അനുബന്ധ നടപടികളും പൂർത്തിയാക്കാതെ നഗരസഭ അധികൃതർ ഉദ്ഘാടനം നടത്തുന്ന പദ്ധതികളുടെ പട്ടികയിലാണ് മൂർക്കനാട് ആരോഗ്യ കേന്ദ്രവും ഇടം പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.