ചെന്ത്രാപ്പിന്നി: പേരിനൊരു വി.ഇ.ഒ ഓഫിസ്, എന്നാൽ, ഓഫിസിനുള്ളിലെ ഉദ്യോഗസ്ഥനെ കാണണമെങ്കിൽ കിലോമീറ്ററുകൾ അപ്പുറമുള്ള എടത്തിരുത്തി പഞ്ചായത്തിൽ പോകണം. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തുള്ള ചെന്ത്രാപ്പിന്നി വില്ലേജ് എക്സ്റ്റൻഷൻ ഓഫിസിന്റെ അവസ്ഥയാണിത്.
മതിലകം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.ഇ.ഒ ഓഫിസാണ് കഴിഞ്ഞ ഒരുവർഷമായി അടഞ്ഞുകിടക്കുന്നത്. ചെന്ത്രാപ്പിന്നി, എടത്തിരുത്തി എന്നിങ്ങനെ രണ്ട് വില്ലേജുകളാണ് എടത്തിരുത്തി പഞ്ചായത്തിന് കീഴിൽ വരുന്നത്. ഇതിൽ ചെന്ത്രാപ്പിന്നി വില്ലേജിലെ പൊതുജന സേവനങ്ങൾക്കായാണ് സ്കൂളിന് മുന്നിലായി വർഷങ്ങൾക്ക് മുമ്പ് കെട്ടിടം പണി തീർത്തത്. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ഈ കെട്ടിടം നവീകരിച്ചിരുന്നു.
തുടർന്ന് കുറച്ചുകാലം ഓഫിസ് തുറന്ന് പ്രവർത്തിച്ചു. പിന്നീട് വൈദ്യുതീകരണവും നടത്തി. എന്നിട്ടും ഇവിടുത്തെ വി.ഇ.ഒ എടത്തിരുത്തി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടത്തിരുത്തി വി.ഇ.ഒ ഓഫിസിൽ തന്നെയാണ് തുടരുന്നത്. ഇടക്ക് ഓഫിസ് വൃത്തിയാക്കി പോകുന്നതല്ലാതെ സ്ഥിരമായി തുറക്കാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കെട്ടിടം ഉപയോഗിക്കുന്നില്ലെങ്കിൽ ഇത്രയും തുക ചിലവാക്കിയത് എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം. ഓഫിസിൽ വെള്ളത്തിനുള്ള സൗകര്യമില്ല. ആവശ്യങ്ങൾക്ക് കമ്പ്യൂട്ടറും, പ്രിന്ററും ഇല്ല. ഓഫിസ് തുറക്കാത്തതുമായി ബന്ധപ്പെട്ട് അധികൃതരുടെ ന്യായീകരണങ്ങൾ നിരവധിയാണ്.
അതേസമയം ഡിജിറ്റൽ സർവേയുടെ ഭാഗമായി താൽക്കാലികമായ ഓഫിസ് സർവേയർ മാർക്ക് നൽകിയിരിക്കുകയാണെന്നും അതിന് ശേഷം വി.ഇ.ഒ ഓഫിസായി തുടരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അറിയിച്ചു. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി ഫയലുകൾ ഓഫിസിനകത്തുണ്ട്. ഓഫിസിൽ ആളനക്കമില്ലെങ്കിൽ ഇവയെല്ലാം സുരക്ഷിതമായിരിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ചെന്ത്രാപ്പിന്നി വില്ലേജ് നിവാസികൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.