കയ്പമംഗലം (തൃശൂർ): സിനിമകളുടെ റിവ്യൂ ചെയ്ത് ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി കയ്പമംഗലം സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയ നാല് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുൽ അയ്യൂബ് (25), തിരുവനന്തപുരം അനാട് സ്വദേശി ഷഫീർ (29), കൊല്ലം മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21) എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ മേൽനോട്ടത്തിലും കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലും എസ്.ഐ കെ.എസ്. സൂരജ്, സീനിയർ സി.പി.ഒമാരായ സി.വി. സുനിൽകുമാർ, ടി.എസ്. ജ്യോതിഷ്, സി.പി.ഒമാരായ ടി.കെ. സൂരജ്, പ്രവീൺ ഭാസ്കർ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നും തിരുവനന്തപുരത്തുനിന്നുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശർമയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
ടെലിഗ്രാമിൽ നിന്ന് ലഭിക്കുന്ന ഫിലിം റിവ്യൂ ആപ്പ് വഴി റിവ്യൂകൾ സ്വീകരിക്കുകയും പിന്നീട് ഓരോ ഘട്ടത്തിലും പ്രതിഫലം നൽകാമെന്ന് വാഗ്ദാനം നൽകി തന്ത്രപരമായി പണം കൈക്കലാക്കുകയുമായിരുന്നു. പ്ലക്സ് എന്ന സിനിമ റിവ്യൂ ആപ്ലിക്കേഷൻ വഴി സിനിമകൾക്ക് റിവ്യൂ എഴുതി നൽകാൻ പ്രതിഫലം നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്ന ഇവർ ഷെയർ ട്രേഡിങ്ങിനാണെന്ന് പറഞ്ഞ് യുവാക്കളുടെയും കോളജ് വിദ്യാർഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ എടുത്തശേഷം എ.ടി.എം കാർഡുകൾ കൈക്കലാക്കുകയാണ് പതിവ്. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഈ അക്കൗണ്ടുകൾ വഴി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പല ആളുകളുടെ പേരിലെടുത്ത 18 ഓളം എ.ടി.എം കാർഡുകൾ ഇവരിൽനിന്ന് കണ്ടെടുത്തു.
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തിരുവനന്തപുരത്തെ റിസോർട്ടിൽനിന്ന് പ്രതികളെ സാഹസികമായി പിടികൂടിയത്. തൃശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.