കയ്പമംഗലം: കുഞ്ഞുനാളിലേ അരങ്ങിനെ അടുത്തറിഞ്ഞ നാടക കലാകാരി അംഗീകാരങ്ങളുടെ നിറവിൽ. കയ്പമംഗലം വഴിയമ്പലം സ്വദേശിനിയും നടിയുമായ ഗ്രീക്ഷ്മയാണ് സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. സീരിയൽ-നാടകങ്ങളിൽ സജീവമായ മനോമോഹന്റെ മകളും നാടകസംവിധായകനും അഭിനേതാവുമായ ഉദയ് തോട്ടപ്പുള്ളിയുടെ ഭാര്യയുമായ ഗ്രീക്ഷ്മയെ തേടി രണ്ടാംതവണയാണ് സംസ്ഥാന പുരസ്കാരമെത്തുന്നത്. ‘മണികർണ്ണിക’നാടകത്തിലെ ഝാൻസി റാണിയെ മികവുറ്റതാക്കിയതിനായിരുന്നു ഇത്തവണ പുരസ്കാരം.
പിതാവായ മനോമോഹൻ വീട്ടിൽതന്നെ നടത്തിയിരുന്ന നാടകക്കളരിയാണ് ചെറുപ്പത്തിൽ ഗ്രീക്ഷ്മയെ നാടക ലോകത്തേക്ക് ആകർഷിച്ചത്. രാത്രി വൈകുവോളം നീണ്ടുനിന്നിരുന്ന റിഹേഴ്സലുകൾ ഉറക്കമൊഴിച്ച് കൗതുകത്തോടെ നോക്കി നിന്നിരുന്ന ഗ്രീക്ഷ്മ സ്കൂൾ കാലഘട്ടം മുതൽതന്നെ നാടക വേദികളിൽ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ഹയർ സെക്കൻഡറിയിൽ പഠിക്കുമ്പോഴാണ് ‘പാപത്തറ’ നാടകത്തിലൂടെ പ്രഫഷനൽ നാടക രംഗത്തേക്ക് ചുവടുവെച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള അരങ്ങുകളിൽ പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ നാടകാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.
നാടകത്തെ ജീവനുതുല്യം സ്നേഹിക്കുന്നയാൾ തന്നെ ജീവിത പങ്കാളിയായതോടെ അഭിനയരംഗത്ത് കൂടുതൽ ഊർജത്തോടെ മുന്നേറാൻ ഗ്രീക്ഷ്മക്ക് കഴിഞ്ഞു. കേരളത്തിൽ ഇന്നറിയപ്പെടുന്ന സംവിധായകരുടെയെല്ലാം നാടകങ്ങളിൽ പ്രധാന കഥാപാത്രമായി തിളങ്ങാനും അധികസമയം വേണ്ടിവന്നില്ല. എല്ലാം ഒന്നിനൊന്ന് മികച്ച വേഷങ്ങൾ.
വില്യം ഷേക്സ്പിയറിന്റെ ‘ഇതിഹാസ’ യിലെ കഥാപാത്രങ്ങളായിരുന്നു ഗ്രീക്ഷ്മയെന്ന അഭിനേത്രിയുടെ കരിയർ ഗ്രാഫ് ഉയർത്തിയത്. ഒരേസമയം അമ്മയായും കാമുകിയായും വേദിയിൽ നിറഞ്ഞുനിന്ന ഇതിഹാസയിലെ അഭിനയ മികവിനുള്ള അംഗീകാരമായിരുന്നു 2019ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. ചെറുതും വലുതുമായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിൽ ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ അഭിനേത്രിയെന്ന നിലയിൽ കൂടുതൽ ഊർജം പകരുന്നതായി ഗ്രീക്ഷ്മ പറഞ്ഞു.
ഏകമകൻ മഹാദേവും പാരമ്പര്യം പിന്തുടർന്ന് നാടകത്തിന്റെ വഴിയേ സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ കിട്ടിയാൽ സിനിമയിൽ ഒരു കൈ നോക്കാമെന്ന ആഗ്രഹമുണ്ടെങ്കിലും നാടക അരങ്ങിൽ ലഭിക്കുന്ന അംഗീകാരങ്ങളും സംതൃപ്തിയും പകരം വെക്കാനാവാത്തതാണെന്നാണ് ഗ്രീക്ഷ്മയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.