തൃശൂര്‍: ക്രൈംബ്രാഞ്ച് സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട ക്രൂരമായ അഴിമതിയാണ് കരുവന്നൂരിലേത്. ഇതിലെ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. ഇ.ഡി അറസ്റ്റ് ചെയ്ത സതീശന് കേസ് അന്വേഷിച്ചിരുെന്നങ്കില്പോലും മനസ്സാക്ഷിക്കുത്തിന്റെ റിപ്പോര്‍ട്ടില്‍ സ്വന്തം പേര് എവിടെയെങ്കിലും എഴുതിച്ചേര്‍ക്കുമായിരുന്നു. സതീശന്റെ പേര് റിപ്പോര്‍ട്ടിൽ ഉണ്ടായാല്‍ എ.സി. മൊയ്തീനും പി.കെ. ബിജുവിനും മറ്റ് സി.പി.എം നേതാക്കള്‍ക്കുമെതിരെ അന്വേഷണം തിരിയുമെന്ന് അറിയാവുന്നതിനാലാണ് സതീശനെ ഒഴിവാക്കിയത്.
നൂറുകണക്കിന് സാധാരണക്കാരുടെ ജീവിതം ഒന്നുമല്ലാതാക്കിയ കേസിലാണ് ക്രൈംബ്രാഞ്ച് രാഷ്ട്രീയവിധേയത്വത്തിന്റെ പേരില്‍ ഉദാസീനത കാണിച്ചത്. ഇ.ഡി അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അഴിമതികളില്‍ സര്‍വകാല റെക്കോഡ് പിറക്കും. ലാവലിന്‍ അഴിമതിയെയും മറികടക്കാനാണ് ശ്രമം.
സഹകരണ മേഖലയെ സി.പി.എം കൊല്ലുകയാണ്. അഴിമതിയുടെ പിണറായി ബദലാണ് കരുവന്നൂരില്‍ സി.പി.എം നേതാക്കള്‍ നടപ്പാക്കിയത്. സി.പി.എം നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമറിക്കാൻ ശ്രമിച്ചതോടെ മാർച്ച് സംഘർഷാവസ്ഥയിലായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ പകുതിയും തള്ളി താഴെയിട്ട പ്രവർത്തകർ അതിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടികളുയർത്തി.
സംഘർഷമായതോടെ ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ല പ്രസിഡന്റ് ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി.എൻ. വൈശാഖ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. പ്രമോദ്, അഭിലാഷ് പ്രഭാകർ, സജീർ ബാബു, ജില്ല വൈസ് പ്രസിഡന്റുമാരായ ജലിൻ ജോൺ, പി.കെ. ശ്യാംകുമാർ, അനീഷ ശങ്കർ എന്നിവർ സംസാരിച്ചു.
മാർച്ചിന് അമൽ ഖാൻ, സുനോജ് തമ്പി, ജിജോമോൻ ജോസഫ്, ജെറോം ജോൺ, അനിൽ പരിയാരം, അഖിൽ സാമുവൽ, മഹേഷ് കാർത്തികേയൻ, ജിത്ത് ചാക്കോ, സി.എസ്. സൂരജ്, സലീം കയ്പമംഗലം, എം. സുജിത്ത് കുമാർ, വി.കെ. സുജിത്ത്, ലിജോ പനക്കൽ, കാവ്യ രഞ്ജിത്ത്, സന്ധ്യ കൊടയ്ക്കാടത്ത്, പ്രവിത ഉണ്ണികൃഷ്ണൻ, ജിൻസി പ്രീജോ, ടൊളി വിനീഷ്, ജെഫിൻ പോളി, വിനീഷ് പ്ലാച്ചേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.