കൊടകര: വേനല്‍ ആരംഭിച്ചതോടെ കിഴക്കന്‍ മലയോരത്തെ ആദിവാസി കുടുംബങ്ങള്‍ ഇഞ്ച ശേഖരിക്കുന്ന തിരക്കിൽ. ഉള്‍ക്കാട്ടില്‍നിന്ന് വെട്ടിയെടുന്ന ഇഞ്ചവള്ളികള് കോളനിയിലെത്തിച്ച് തൊലി അടര്‍ത്തിയെടുത്ത് ഉണക്കി വിൽക്കുകയാണ് ചെയ്യുന്നത്. മറ്റത്തൂര്‍ പഞ്ചായത്തിലെ കാരിക്കടവ് മലയൻ കോളനി, ശാസ്താംപൂവം കാടര്‍ കോളനി എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങളാണ് കാട്ടില്‍നിന്ന് ഇഞ്ച ശേഖരിച്ച് വിൽപന നടത്തുന്നത്.
കൂടുതലും സ്ത്രീകളാണ് ഇവ ശേഖരിക്കാന്‍ കാട്ടില്‍ പോകുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാടിനുള്ളില്‍ ആനശല്യം കൂടുതലായതിനാല്‍ ജീവന് പണയപ്പെടുത്തിയാണ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതെന്ന് ഇവർ പറയുന്നു. ഇഞ്ചവള്ളികള് ഉണങ്ങിയാല്‍ തൊലി വേർപെടുത്താന്‍ കഴിയില്ലെന്നതിനാല്‍ കാട്ടില്‍നിന്ന് കൊണ്ടുവന്നയുടന്‍ ഈ പണികള്‍ ചെയ്തുതുടങ്ങും. ഇരുമ്പുകൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് ഇഞ്ച വേര്‍പെടുത്തിയെടുക്കുന്നത്. ചതച്ചെടുത്ത് ഉണക്കിയ ശേഷമാണ് വില്പന.
കുളിക്കുമ്പോള്‍ ദേഹത്ത് തേക്കാനാണ് പരമ്പരാഗതമായി ഇഞ്ച ഉപയോഗിക്കുന്നത്. ഏറെ ശ്രമകരമായ പണിയാണ് ഇഞ്ച തല്ലിയെടുക്കലെന്നും അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നും കാരിക്കടവ് കോളനിയിലെ ആദിവാസി വീട്ടമ്മ ശാന്ത പറയുന്നു. നേരത്തേ വനസംരക്ഷണ സമിതിയാണ് ആദിവാസികളില്‍നിന്ന് ഉണങ്ങിയ ഇഞ്ച ശേഖരിച്ചിരുന്നത്. ഈ വര്‍ഷം വനസംരക്ഷണ സമിതി ശേഖരിച്ചു തുടങ്ങിയിട്ടില്ലാത്തതിനാല്‍ സ്വകാര്യ കച്ചവടക്കാര്‍ക്കാണ് വില്‍ക്കുന്നത്. ഇപ്പോള്‍ സീസണ് തുടക്കമായതിനാല്‍ കിലോക്ക് 90 രൂപ കിട്ടുന്നുണ്ട്. കൂടുതല്‍ കടകളിലെത്തുന്നതോടെ വില കുറയുമെന്ന് ആദിവാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.