കൊടുങ്ങല്ലൂർ: ശസ്ത്രക്രിയ കഴിഞ്ഞ് ക്ലാസിലെത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ച അധ്യാപികക്കെതിരെ പരാതി നൽകിയ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസ്. രക്ഷിതാക്കൾ പരാതിയിൽ ഉറച്ചുനിന്നതിനെ തുടർന്ന് അധ്യാപിക ഷീനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിന് പിറകെയാണ് സ്കൂൾ അധികൃതർ വൈകി നൽകിയ പരാതി പരിഗണിച്ച് രക്ഷിതാക്കൾക്കെതിരെയും കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തത്. മേത്തല ഫിനിക്സ് പബ്ലിക് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയും ആറ് വയസ്സുകാരനുമായ ഐതിൻ സാദിനെ ചൂരൽ കൊണ്ട് അടിച്ചുവെന്നാണ് പരാതിയുണ്ടായിട്ടുള്ളത്.
ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിയാണ് അടിച്ചതെന്ന് പിതാവ് മേത്തല അഞ്ചപ്പാലം കോട്ടയത്ത് വീട്ടിൽ അനീസ് പറഞ്ഞു. വിവരം തിരക്കാൻ സ്കൂളിലെത്തിയ തന്നെയും ഭാര്യയും ‘നിങ്ങളുടെത് മോശം പാരൻഡിങ് ആണെന്നും കുട്ടി നുണ പറഞ്ഞതാണ് എന്ന് പറഞ്ഞു കൊണ്ട് അധിക്ഷേപിച്ചതായും അനീസ് പറയുന്നു. ഇതേ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുട്ടിയുടെ മാതാവ് റിൻസിലയുടെ മൊഴിയെടുത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടിയുടെ കൈയിൽ ലാത്തി കൊടുത്ത് അധ്യാപികയുടെയും മറ്റും മുന്നിൽവെച്ച് പൊലീസ് കുട്ടിയെ കൊണ്ട് രംഗം പുനരാവിഷ്കരിപ്പിക്കുകയുമുണ്ടായത്രെ. സ്കൂളിൽ ബഹളമുണ്ടാക്കിയെന്നും മറ്റും ആരോപിച്ചാണ് അധികൃതർ വിദ്യാർഥിയുടെ രക്ഷിതാക്കൾക്കെതിരെ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.