കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വദേശിനിയായ പതിനാലുകാരി കല്യാണി സിരിൻ ശ്രീലങ്കയിൽ നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം നേടി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നു. അണ്ടർ ട്വൻറി ഗേൾസ് സ്റ്റാൻഡേർഡ്, അണ്ടർ ട്വന്റി ഗേൾസ് ബ്ലിറ്റ്സ്, വിമൻസ് റാപ്പിഡ് എന്നീ ഇനങ്ങളിലാണ് കല്യാണി ജേതാവായത്.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും പുല്ലൂറ്റ് നായ്ക്കുളം വട്ടപ്പറമ്പിൽ സരിൻ -ധന്യ ദമ്പതികളുടെ മകളുമായ കല്യാണി ഫിഡേ റേറ്റിങ്ങിൽ 2221 ആണ്. ഫിഡേ റേറ്റിങ് പ്രകാരം പതിനാല് വയസിന് താഴെയുള്ള പെൺകുട്ടികളിൽ ലോകത്ത് നാലാം സ്ഥാനവും ഇന്ത്യയിൽ രണ്ടാം സ്ഥാനവും കല്യാണിക്കാണ്. വിമൻസ് ഫിഡേ മാസ്റ്റർ പട്ടവും ഇതിനകം കല്യാണി നേടിയിട്ടുണ്ട്.
സമീപവാസികൾ ചെസ് കളിക്കുന്നതു കണ്ടാണ് കല്യാണിക്ക് കരുനീക്കത്തിൽ താൽപര്യം ജനിച്ചത്. മകളുടെ ഇഷ്ടം കണ്ടറിഞ്ഞ മാതാപിതാക്കൾ പ്രോത്സാഹനവുമായി ഒപ്പം നിന്നതോടെ കല്യാണി ചതുരംഗക്കളിയിൽ പുതിയ താരമായി മാറുകയായിരുന്നു. രഘുനാഥൻ മേനോൻ, ഇ.പി. നിർമ്മൽ എന്നിവരാണ് ആദ്യഘട്ടത്തിൽ കല്യാണിയെ കരുനീക്കങ്ങൾ പരിശീലിപ്പിച്ചത്.
ഇന്ത്യയുടെ 58-ാമത് ചെസ് ഗ്രാൻഡ്മാസ്റ്ററായ ജി.എ. സ്റ്റാനിയുടെ കീഴിലാണ് നിലവിൽ കല്യാണി പരിശീലിക്കുന്നത്. ഗ്രാന്റ് മാസ്റ്റർ കിരീടം സ്വപ്നം കാണുന്ന കല്യാണി കരുതിയുറപ്പിച്ച കരുനീക്കങ്ങളിലൂടെ വിജയപാതയിലേക്ക് മുന്നേറുകയാണ്.കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാനും സി.പി.ഐ നേതാവുമായിരുന്ന വി.കെ. ഗോപിയുടെ പൗത്രിയാണ് കല്യാണി സിരിൻ. നാലാം ക്ലാസ് വിദ്യാർഥിനി ഗോപിക സഹോദരിയാണ്.
ലക്ഷങ്ങൾ ചെലവഴിച്ചാണ് മാതാപിതാക്കൾ കല്യാണിയെ മത്സരങ്ങൾക്കായി ഒരുക്കുന്നത്. വേണ്ടത്ര പിന്തുണ ലഭിച്ചാൽ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ഈ മിടുക്കിക്ക് കഴിയുമെന്നുറപ്പാണ്. സ്വീകരണമുറിയിലെ ചെസ് ബോർഡിൽ നിന്നു തുടങ്ങിയ കല്യാണിയുടെ യാത്ര കോമൺവെൽത്തിലെത്തിയ ആഹ്ലാദത്തിലാണ് കുടുംബവും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.