കൊടുങ്ങല്ലൂർ: മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്ത് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷന് രാജ്യാന്തര അംഗീകാരം. കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലെ കൃത്യത, കുറ്റാന്വേഷണ മികവ്, കുറ്റകൃത്യങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും തടയൽ തുടങ്ങിയവ ഐ.എസ്.ഒ അംഗീകാരത്തിന് സഹായകരമായി. സ്റ്റേഷനിലെയും പരിസരത്തെയും ശുചിത്വം, ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സമീപനവും പരാതികൾ സ്വീകരിക്കുന്നതുമുതൽ തീർപ്പാക്കുന്നതുവരെയുള്ള നടപടികളും ഉന്നത നിലവാരം പുലർത്തുന്നതാണെന്നതും അനുകൂല ഘടകങ്ങളായി. സ്റ്റേഷൻ രേഖകളുടെ അടുക്കും ചിട്ടയുമുള്ള ക്രമീകരണം, ശിശുസൗഹൃദ കേന്ദ്രം, പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വിശ്രമസംവിധാനങ്ങൾ, നവീന ഫിറ്റ്നസ് സെൻറർ, സന്ദർശകർക്കുള്ള വിശ്രമ സൗകര്യങ്ങൾ എന്നിവയും പ്രതിനിധികൾ അംഗീകാരത്തിന് പരിഗണിച്ചു. സ്റ്റേഷനു മുന്നിലെ വെർട്ടിക്കൽ ഗാർഡനും ചെടികളും സ്റ്റേഷന് ഒരു ഹരിത മുഖം നൽകുന്നു.
തൃശൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്റ്റേഷനുകളിലൊന്നാണ് കൊടുങ്ങല്ലൂർ. പ്രദേശത്ത് രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും ഇടമില്ലാതാക്കിയതും പരിഗണനാർഹമായി. രജിസ്റ്റർ ചെയ്യപ്പെടുന്ന 200ലധികം കേസുകളിൽ ഭൂരിഭാഗത്തിലും കൃത്യമായ അന്വേഷണം നടത്തി അതത് മാസം കുറ്റപത്രം സമർപ്പിക്കുന്നതിനാൽ സ്റ്റേഷനിൽ അന്വേഷണാവസ്ഥയിലുള്ള കേസുകളുടെ എണ്ണം തുലോം കുറവാണ്.
സഹപ്രവർത്തകരുടെ ആത്മാർത്ഥതയും അശ്രാന്തപരിശ്രമവുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.ആർ. ബൈജു പറഞ്ഞു. 2022 രണ്ടാം പാദത്തിൽ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനുളള ജില്ല പൊലീസ് മേധാവിയുടെ അംഗീകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനായിരുന്നു. തൃശൂർ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെ, ഡി.വൈ.എസ്.പി എൻ. എസ്. സലീഷ് എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ ഹാരോൾഡ് ജോർജ് എന്നിവർ സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.