കൊടുങ്ങല്ലൂർ: മേത്തലയിൽ മണ്ണ് മാന്തി യന്ത്രം തട്ടി പരിക്കേറ്റ മൂർഖൻ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. വിദഗ്ധ ചികിത്സക്ക് മണ്ണുത്തി വെറ്ററിനറി കോളജിൽ എത്തിക്കാൻ പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃർക്ക് കൈമാറി. പരിസ്ഥിതി പ്രവർത്തകനും വന്യജീവി സംരക്ഷകനുമായ താഹിർ അഴീക്കോടാണ് മൂർഖന്റെ രക്ഷകനായത്. കൊടുങ്ങല്ലൂർ വെറ്ററിനറി ആശുപത്രി ഡോ. എൻ.കെ. സന്തോഷ് ശസ്ത്രക്രിയ നിർവഹിച്ചു.
ചൊവ്വാഴ്ച രാവിലെ 11.30ഓടെ മേത്തല കൊന്നച്ചുവടിന് സമീപം വഴി ശരിയാക്കുന്നതിനിടയിലാണ് ജെ.സി.ബിയുടെ പല്ലുതട്ടി പുല്ലാനി മൂർഖന്‍ പരിക്കേറ്റത്. കല്ലിനിടയിൽപ്പെട്ട് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ പാമ്പിനെ താഹിർ ഉടൻ കൊടുങ്ങല്ലൂർ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. പാമ്പിന്റെ തലഭാഗം പൈപ്പിനുള്ളിലാക്കി ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് ശസ്ത്രക്രിയ നടന്നത്. വെറ്ററിനറി ഹൗസ് സർജൻ ട്രെയിനികളായ ഗൗതം, കാവ്യ, ഹർഷ, കീർത്തന, ജിൻസി, സ്നേഹ എന്നിവരും ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നു. വനം വകുപ്പിന്റെ റെസ്ക്യൂ ലൈസൻസുള്ള പരിസ്ഥിതി പ്രവർത്തകനാണ് താഹിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.