കൊടുങ്ങല്ലൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രപ്പടവുകൾ പിന്നിട്ട പഴയ കൊടുങ്ങല്ലൂരിന്റെ ഉടലാണ് മണ്ഡല പുനർനിർണയത്തിൽ പിറവിയെടുത്ത കയ്പമംഗലം. പകുതിയിലേറെ കടലിനും കനോലി കനാലിനുമിടയിൽ ദേശീയപാതയുടെ ഇരുഭാഗത്തായി നിലകൊള്ളുന്ന മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ തന്നെ പരിധിയാണ് കയ്പമംഗലം നിയോജക മണ്ഡലത്തിനും. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന മണ്ഡലം പുനർനിർണയത്തിലാണ് കയ്പമംഗലം ഉൾപ്പെട്ട ചാലക്കുടി ലോക്സഭ മണ്ഡലം നിലവിൽവന്നത്. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്ന എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം, പെരിഞ്ഞനം എന്നിവയോടൊപ്പം നാട്ടിക മണ്ഡലത്തിൽനിന്ന് കയ്പമംഗലം, എടത്തിരുത്തി ഗ്രാമപഞ്ചായത്തുകളും ചേർത്താണ് കയ്പമംഗലം രൂപവത്കരിച്ചത്.
ആദ്യ തെരഞ്ഞെടുപ്പിൽതന്നെ കൊടുങ്ങല്ലൂരിന്റെ ഇടത് പാരമ്പര്യം കയ്പമംഗലത്തിലും പ്രകടമായി. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ജയിച്ച കെ.പി. ധനപാലൻ കയ്പമംഗലത്ത് 4337 വോട്ടിന് പിന്നിലായിരുന്നു. 2011ൽ പുതിയ കയ്പമംഗലം മണ്ഡലത്തിലെ പ്രഥമ നിയമസഭ സാമാജികനായി 13,576 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിലെ സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാറിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ ജെ.എസ്.എസ് സ്ഥാനാർഥി ഉമേഷ് ചള്ളിയിലായിരുന്നു എതിരാളി. 2014ൽ ലോക്സഭയിലേക്ക് എൽ.ഡി.എഫ് സ്വതന്ത്രൻ ഇന്നസെന്റിന്റെ വിജയത്തിന് കയ്പപമംഗലം 13,258 വോട്ടിന് ലീഡ് നൽകി. 13,884 വോട്ടിനായിരുന്നു ചാലക്കുടിയിൽനിന്ന് ഇന്നസെന്റിന്റെ ജയം.
2016ൽ ത്രികോണ പോരാട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ച നിയമസഭ തെരഞ്ഞെടുപ്പിൽ 33,440 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എൽ.ഡി.എഫിലെ ഇ.ടി. ടൈസന്റെ കന്നി വിജയം. ഈ ഭൂരിപക്ഷത്തിന് താഴെ 33,384 വോട്ടാണ് യു.ഡി.എഫിലെ ആർ.എസ്.പി സ്ഥാനാർഥി മുഹമ്മദ് നഹാസ് നേടിയത്. അതേസമയം എൻ.ഡി.എ മുന്നേറ്റം നടത്തിയ മണ്ഡലത്തിൽ ബി.ഡി.ജെ.എസിലെ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് 30,041 വോട്ട് നേടി. എന്നാൽ 2019ലെ ലോക്സഭ പോരാട്ടത്തിൽ ദേശീയ രാഷ്ടീയവും ശബരിമല വിഷയവും മുൻനിർത്തി യു.ഡി.എഫിലെ ബെന്നി ബെഹനാൻ നേരിയ ഭൂരിപക്ഷം കയ്പമംഗലത്തെ ഇടത് മേധാവിത്തംകൂടി മറികടന്നായിരുന്നു. 58 വോട്ടിന്റെ ഭൂരിപക്ഷം തികച്ചും സാങ്കേതികം മാത്രമാണെന്നാണ് എൽ.ഡി.എഫ് വിലയിരുത്തിയത്. യു.ഡി.എഫ് 51,212 വോട്ട് നേടിയപ്പോൾ 51154 വോട്ടർമാർ എൽ.ഡി.എഫിനെയും പിന്തുണച്ചു.
24,420 വോട്ട് ബി.ജെ.പിക്കും കിട്ടി. ഇതോടെ കയ്പമംഗലം യു.ഡി.എഫിന് ബാലികേറാമലയല്ലെന്ന തോന്നലുണ്ടായെങ്കിലും തുടർന്നുവന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലം ഇടതിനെ ചേർത്ത് നിർത്തുന്നതാണ് കണ്ടത്. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 15ൽ 14 ഡിവിഷനും ഇടതുപക്ഷം നേടി. നിലവിൽ കയ്പമംഗലം ഒഴികെ ആറ് ഗ്രാമപഞ്ചായത്തും ഇടതുമുന്നണിയാണ് ഭരിക്കുന്നത്.
2021ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ രണ്ടാം വിജയം നേടിയ ഇ.ടി. ടൈസൻ ഇടത് മേധാവിത്വം ഒരിക്കൽ കൂടി ആവർത്തിച്ചു. 22,698 വോട്ടായിരുന്നു ഭൂരിപക്ഷം. എൽ.ഡി.എഫ് 73161 വോട്ട് സ്വന്തമാക്കിയപ്പോൾ യു.ഡി.എഫിലെ ശോഭ സുബിനെ 50463 വോട്ടർമാർ പിന്തുണച്ചു. എൻ.ഡി.എക്ക് കിട്ടിയത് 9067 മാത്രം. ലോക്സഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് ലഭിച്ച വോട്ടുകൾ തമ്മിൽ കാര്യമായ അന്തരം ഉണ്ടായില്ല. എന്നാൽ എൻ.ഡി.എ വോട്ടിൽ ഏറ്റക്കുറച്ചിൽ പ്രകടമായി.
ഈ പശ്ചാത്തലത്തൽ ഇടത് കോട്ടയിൽ 2019ന്റെ സാധ്യത തേടുകയാണ് യു.ഡി.എഫ്. ‘ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ്’ മുദ്രാവാക്യവും ഭരണവിരുദ്ധ വികാരവും സമകാലീന സംഭവ വികാസങ്ങളും പ്രചാരണ രംഗത്ത് സജീവമാകുന്നതോടെ മറികടക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിനെക്കാൾ ഉയർന്ന ഭൂരിപക്ഷമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ വികസന നേട്ടങ്ങളോടൊപ്പം കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കി വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടയുന്നതും പൗരത്വ ദേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളും ഇതിനോടെല്ലാം യു.ഡി.എഫ് പുലർത്തുന സമീപനവും പ്രചാരണ രംഗത്ത് സജീവമാക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
ആദ്യമേ കളത്തിലിറങ്ങിയ ഇടതുമുന്നണി പ്രചാരണത്തിന്റെ നാലാം ഘട്ടത്തോടെ കുടുംബ യോഗങ്ങളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. പ്രചാരണത്തിന് ശക്തി പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ 12ന് എറിയാട് എത്തുന്നുണ്ട്. പ്രചാരണത്തിൽ എൽ.ഡി.എഫിനോളം എത്താൻ കഴിഞ്ഞിട്ടില്ലാത്ത യു.ഡി.എഫ് വരും ദിവസങ്ങളിൽ മുന്നേറുമെന്നാണ് അവകാശപ്പെടുന്നത്. എൻ.ഡി.എയുടെയും മറ്റ് ചെറുകക്ഷികളുടെയും പോസ്റ്ററ്ററുകളും മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.