കൊടുങ്ങല്ലൂർ: കിട്ടാക്കനിയായ ശുദ്ധജലത്തെ ചൊല്ലി രാഷ്ടീയ വിവാദവും. അഞ്ചാംപരത്തിയിൽനിന്ന് കോതപറമ്പ് ജങ്ഷൻ വരെ പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ച് കോതപറമ്പ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി അടിയന്തരശ്രമം തുടങ്ങിയതിന് പിന്നാലെയാണ് വിവാദവും തലപൊക്കിയത്. നാട്ടിക ഫർക്കയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാനവാസ് കാട്ടകത്ത് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഇതിനിടെ ആല ഗോതുരുത്തിൽ കുടിവെള്ളം എത്തിക്കാൻ 2023 ഡിസംബറിൽ വാട്ടർ അതോറിറ്റിക്ക് കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. എന്നാൽ ദേശീയപാത നിർമാണം നടക്കുന്നത് കാരണം വാട്ടർ അതോറിറ്റി സമയം നീട്ടി ചോദിക്കുകയുണ്ടായി. നടപടിക്രമങ്ങൾക്ക് വേഗത കൂട്ടാൻ എൻ.എച്ച്.എ.ഐ, പി.ഡബ്ലിയു.ഡി, വാട്ടർ അതോറിറ്റി, പഞ്ചായത്ത് തുടങ്ങീ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കാൻ രണ്ടു മാസം മുമ്പ് ഗവൺമെന്റ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കുടിവെള്ളക്ഷാമത്തിന് പരിഹാരം അടങ്ങിയ റിപ്പോർട്ട് അധികൃതർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഇതിനിടെ ചീഫ് എൻജിനീയറും സംഘവും ആല ഗോതുരുത്തും, നാട്ടികയിലെ ഫർക്കയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. എന്നാൽ നടപടികൾക്ക് വേഗത ഇല്ലെന്ന കാര്യം അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതോടെ കുടിവെള്ളം നൽകണമെന്നുള്ള വാട്ടർ അതോറിറ്റിക്കുള്ള മുൻ ഉത്തരവ് നടപ്പാക്കാൻ കർശന നിർദ്ദേശം നൽകിയ കോടതി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായും ഹർജിക്കാരുടെ അഭിഭാഷകൻ ഷാനവാസ് ചൂണ്ടിക്കാട്ടി.
തുടർന്നാണ് അഞ്ചാംപരത്തി മുതൽ കോതപറമ്പ് വരെയുള്ള ഹോട്ട ലൈൻ സ്കെച്ച് തയാറാക്കി വാട്ടർ അതോറിറ്റി കോടതിയിൽ സമർപ്പിച്ചത്. ഇതിന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സമ്മതം കിട്ടാനായി അഡീഷണൽ ചീഫ് സെക്രട്ടറി എൻ.എച്ചിന് കത്ത് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ പൈപ്പ് ലൈനിട്ട് കുടിവെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്ടർ അതോറിറ്റി. കേസ് ഈ മാസം 16 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് നിധിൻ ജംധാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജനപ്രതിനിധികളും, ജില്ല കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമ ഭാഗമായാണ് നടപടിക്രമങ്ങൾ നടക്കുന്നതെന്ന് ഇ.ടി. ടൈസൺ എം.എൽ.എ. ശ്രീനാരായണപുരത്തെ അഞ്ചാം പരത്തി മുതൽ കോതപറമ്പ് വരെയുള്ള മേഖലയിൽ പ്രത്യേകമായി പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് ശ്രമം. ഇതെല്ലാം മറച്ചുവെച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നവരെ ജനം തിരിച്ചറിയണം.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ആല, കോതപറമ്പ്, വാട, എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഊർജിത ശ്രമങ്ങൾ വാട്ടർ അതോറിറ്റിയുടെ കീഴിൽ നടക്കുന്നുണ്ട്. അതിന്റെ അവകാശവാദം ഉന്നയിച്ച് ചിലർ രംഗത്ത് വരുന്നത് ദുരുദ്ദേശപരമാണെന്നും ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.