കുന്നംകുളം: നീറുന്ന വേദനകൾ കടിച്ചമർത്തി അന്ന മരിയ കുതിക്കുകയാണ്, ജീവിതത്തിലെ നല്ല നാളേക്കായി. ജില്ല കൗമാര കായിക മാമാങ്കത്തിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ട്രാക്കിലിറങ്ങിയ മൂന്നിനങ്ങളിലും സ്വർണതിളക്കത്തോടെയാണ് അന്ന തന്റെ കുതിപ്പ് തുടരുന്നത്. അതിവേഗ ഓട്ടത്തിന് പുറമെ 200, 400 മീറ്ററുകളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കി താരമായത്. ആളൂർ ആർ.എം.എച്ച്.എസ് സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർഥിനിയാണ്.
ആദ്യ ദിനത്തിൽ അതിവേഗ ഓട്ടത്തിനിടയിലാണ് ഇളയച്ഛന്റെ വേർപ്പാട് വിവരം അന്നയെ തേടിയെത്തിയത്. ഇക്കാര്യം ബന്ധുക്കളും പരിശീലകരും സഹപാഠികളും തൽക്കാലത്തേക്ക് മറച്ചുവെച്ചു. പിന്നീട് വിവരം അറിയിച്ചു. തുടർന്ന് രണ്ടും മൂന്നും ദിനങ്ങളിൽ പങ്കെടുത്ത 400, 200 മീറ്റർ ഓട്ടത്തിലും വേദനകൾ മറന്ന് അവൾ അതിവേഗം കുതിച്ചു, സ്വർണത്തിലേക്ക്. ഇളയച്ഛൻ ലിജോയുടെ ചേതനയറ്റ മുഖം ഒരു നോക്കു കാണാൻ പോകാനായില്ലെന്ന വിങ്ങലോടെയാണ് അവൾ വീണ്ടും ഓടിയത്.
സാമ്പത്തിക പരാധീനതകൾ ഒട്ടേറെയുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് അന്നയുടെ പോരാട്ടം. ആളൂർ ചാതേലി വീട്ടിൽ പരേതനായ സിജോ-സിനി ദമ്പതികളുടെ മകളാണ് അന്ന മരിയ. ഐ.ടി.ഐ വിദ്യാർഥിയായ സഹോദരനുണ്ട്. ആറു വർഷം മുമ്പ് ഹൃദയാഘാതം മൂലമാണ് പിതാവ് സിജോ മരിച്ചത്. പിന്നീട് മാതാവ് സിനിയുടെ ചുമലിലായി കുടുംബഭാരം. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ സ്ലീപ്പറായി ജോലി ചെയ്യുകയാണ് അവർ. കഴിഞ്ഞ തവണയും 100, 200, 400 ഇനങ്ങളിൽ സ്വർണം നേടിയിരുന്നു.
2022ൽ സബ് ജൂനിയർ വിഭാഗത്തിൽ 4 x 100 റിലേയിൽ സ്വർണ മെഡലും കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി അരുൺ കെ. അരവിന്ദാക്ഷന്റെ ശിക്ഷണത്തിലാണ് പരിശീലനം. വീടിന്റെ പ്രതീക്ഷയും ഈ കൊച്ചു മിടുക്കിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.