കുന്നംകുളം: സംസ്ഥാന സർക്കാറിന്റെ ആരോഗ്യ കിരണം പദ്ധതിയുടെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിക്ക് മരുന്ന് വിതരണം ചെയ്തതിൽ ആർത്താറ്റ് നീതി മെഡിക്കൽ സ്റ്റോറിന് 79 ലക്ഷം രൂപയുടെ കുടിശ്ശിക. ഇതോടെ പദ്ധതി തടസ്സപ്പെടാൻ സാധ്യതയേറി. പദ്ധതി പ്രകാരമുള്ള മരുന്നിന് മാത്രമല്ല സ്കാനിങ് സ്ഥാപനം, ലാബ് എന്നിവിടങ്ങളിലും ലക്ഷങ്ങളുടെ കുടിശ്ശികയാണുള്ളത്.
ഇതോടെ നഗരത്തിലെ സ്കാനിങ് സെന്റർ, ലാബുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ താലൂക്ക് ആശുപത്രിയെ പരിഗണിക്കാതെയായി.ആരോഗ്യ കിരണം പദ്ധതിക്ക് പുറമെ ജെ.എസ്.എസ്.കെ പദ്ധതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. 2021 നവംബർ മുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 78,73,732 രൂപയാണ് കുടിശ്ശിക.
മദർ സ്കാനിങ് സെന്ററിന് 6,69,572 രൂപയും പ്രീമിയർ, ഫോർ കെയർ ലാബുകൾക്ക് 5, 20,362 രൂപയും മരുന്ന് വാങ്ങിയ ഇനത്തിൽ 66, 83,843 രൂപയുമാണ് ഇനി നൽകാനുള്ളത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ളതാണ് ആരോഗ്യ കിരണം പദ്ധതി. ഗർഭസ്ഥ സ്ത്രീകളുടെ പരിചരണ പദ്ധതിക്കും (ജെ.എസ്.എസ്.കെ) കൂടിയാണ് മരുന്ന് ഇനത്തിൽ ലക്ഷങ്ങളുടെ കുടിശ്ശികയുള്ളത്.
സി.പി.എം ഭരണസമിതി നേതൃത്വം നൽകുന്ന ആർത്താറ്റ് സർവിസ് സഹകരണ ബാങ്കിന് കീഴിലുള്ളതാണ് നീതി മെഡിക്കൽ സ്റ്റോർ. ഈ സ്ഥാപനം താലൂക്ക് ആശുപത്രിയിലാണ് പ്രവർത്തിക്കുന്നത്. സ്കാനിങ്, ലാബ് എന്നിവക്കായി സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ സ്വീകരിച്ച് 90 ദിവസത്തിനകം പണം നൽകാമെന്ന വ്യവസ്ഥയിലാണ് കരാർ എടുത്തിരുന്നത്.
എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായുള്ള കുടിശ്ശിക തീർക്കാൻ സംസ്ഥാന സർക്കാറിൽനിന്ന് ഒരു പണവും ലഭ്യമായിട്ടുമില്ല. സ്കാനിങ്ങിന് കുടിശ്ശിക വന്നതോടെ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയെയാണ് താലൂക്ക് ആശുപത്രിയിലെ രോഗികൾ ആശ്രയിക്കുന്നത്. കുടിശ്ശിക കൊടുത്ത് തീർത്ത് പ്രതിന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി. ഇതുസംബന്ധിച്ച് താലൂക്ക് ആശുപത്രിയിൽ നടന്ന എച്ച്.എം.സി യോഗത്തിൽ ചർച്ച ചെയ്തെങ്കിലും സ്ഥലം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.