കുന്നംകുളം: നഗരസഭയിൽ ചേരി നിർമാർജന ഭാഗമായി നഗരത്തിലെ പാറപ്പുറത്തുനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് മാറ്റിപാർപ്പിച്ച ഒമ്പത് കുടുംബങ്ങൾ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും പട്ടയം ലഭിക്കാതെ വലയുന്നു. നഗരസഭ അധികാരികളുടെ കടുത്ത നിസ്സംഗതയും അനാസ്ഥയുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
അരനൂറ്റാണ്ട് കാലം പാറപ്പുറത്ത് താമസിച്ചിരുന്ന 33 കുടുംബങ്ങളെയാണ് 25 വർഷം മുമ്പ് മാറ്റിപാർപ്പിച്ചത്. ഇതിൽ പലർക്കും വർഷങ്ങൾക്ക് ശേഷം പട്ടയം ലഭിച്ചെങ്കിലും ഒമ്പത് കുടുംബങ്ങൾ ഇതിനായി കയറിയിറങ്ങാത്ത ഇടങ്ങളില്ല. നഗരസഭയുടെ ആവശ്യത്തിനായാണ് ഈ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. ഇതിൽ 16 കുടുംബങ്ങളെ കോടതിക്ക് സമീപം കോട്ടക്കുന്നത്തേക്കായിരുന്നു താമസിപ്പിച്ചത്. ഈ ഭൂമി റവന്യൂ ഭൂമിയായതിനാൽ പട്ടയത്തിന് കാലതാമസം നേരിട്ടില്ല. കൂടാതെ എട്ട് കുടുംബങ്ങൾക്ക് നൽകിയ സ്ഥലങ്ങൾ താമസയോഗ്യമല്ലാത്തതിനാൽ ഇതിൽ നാല് കുടുംബങ്ങൾ സ്വന്തം ഇഷ്ടപ്രകാരം സ്ഥലം വാങ്ങി വീട് പണിത് താമസമാക്കി. ശേഷിക്കുന്ന നാല് കുടുംബങ്ങളെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം നൽകി അവിടെ വീട് നിർമിച്ച് കൊടുത്തു.
എന്നാൽ ഒമ്പത് കുടുംബങ്ങളെ പാർപ്പിച്ച സ്ഥലങ്ങൾ നഗരസഭ പുറമ്പോക്ക് ഭൂമികളിലേക്കായിരുന്നു. അതിനാൽ തന്നെ ഈ ഭൂമി റവന്യൂ വകുപ്പിന് ആദ്യം കൈമാറിയ ശേഷമേ പട്ടയം അനുവദിക്കാൻ കഴിയൂ. എന്നാൽ ഈ ഭൂമി റവന്യൂ വകുപ്പിന് നഗരസഭ കൈമാറുന്നതിന് കാലതാമസം നേരിടുക മാത്രമല്ല, മാസങ്ങൾക്ക് മുമ്പ് ഇതിനായി തദ്ദേശ വകുപ്പിന് കരട് വിജ്ഞാപനം പുറപ്പെടുവിക്കാൻ നൽകിയ രേഖയിൽ ‘റോഡ്’ എന്നത് ‘തോട്’ എന്നും കൂടി ആയപ്പോൾ ഈ കുടുംബങ്ങൾ വീണ്ടും ദുരിതത്തിലായി. ഈ കുടുംബങ്ങൾ മുഴുവനും കൂലിവേല ചെയ്ത് നിത്യ ജീവനം കഴിക്കുന്നവരാണ്. ഇക്കൂട്ടത്തിൽ ഇരുചക്ര വാഹനത്തിൽ നഗരത്തിൽ ചായ കച്ചവടം നടത്തുന്ന കാണിയാമ്പാൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ദാസനും ഉൾപ്പെടുന്നു.
പട്ടയം എന്ന സ്വപ്നം ഇതുവരെയായിട്ടും യാഥാർഥ്യമാകാത്തതിനാൽ ആവശ്യമായ യാതൊരു ആനുകൂല്യങ്ങളും ഈ കുടുംബങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ലോൺ പോലും എടുക്കാൻ കഴിയുന്നില്ല. അറ്റകുറ്റപണികൾ നടത്താൻ നഗരസഭ ഫണ്ട് പോലും അനുവദിക്കുന്നില്ലെന്ന് ദാസൻ പറയുന്നു. ദാസൻ താമസിക്കുന്ന 19ാം വാർഡ് കൗൺസിലർ ലെബീബ് ഹസൻ ഇതുസംബന്ധിച്ച് കഴിഞ്ഞ ആറുമാസം മുമ്പ് നടന്ന താലൂക്ക് പട്ടയ അസംബ്ലി യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ 2024 ആഗസ്റ്റിൽ തദ്ദേശ വകുപ്പിന് റിപ്പോർട്ട് നൽകി.
ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് നടത്തിയ പരിശോധനയിൽ മുനിസിപ്പൽ ആക്ട് 207 വകുപ്പ് പ്രകാരം എന്നതിന് 208 വകുപ്പായി സെക്ഷൻ മാറ്റി നൽകിയതായി കണ്ടെത്തി. ഇതോടെ വീണ്ടും രണ്ട് മാസം മുമ്പാണ് നഗരസഭയോട് തദ്ദേശ വകുപ്പ് വിശദീകരണം ചോദിച്ചത്. ഈ സാഹചര്യത്തിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കാനും കഴിയാതെയായി. കൂടാതെ താലൂക്ക് തലത്തിൽ വ്യാഴാഴ്ച ചേർന്ന പട്ടയ അസംബ്ലിയിൽ ഇക്കാര്യം വീണ്ടും ലെബീബ് ഹസൻ ഉന്നയിച്ചു. വീഴ്ച സംഭവിച്ചത് പരിശോധിക്കുകയും ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ ഉറപ്പുനൽകുകയും ചെയ്തു. താലൂക്ക് തലത്തിൽ 200 ഓളം പേർ ഇപ്പോഴും പട്ടയത്തിനായി കാത്തിരിപ്പ് തുടരുകയാണെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.