കുന്നംകുളം: നഗരസഭ പ്രദേശമായ തിരുത്തിക്കാട് ബണ്ടിലെ ജലമലിനീകരണം മൂലം ചിറളയം കക്കാട് മേഖലയിലെ ജനങ്ങൾ പൊറുതി മുട്ടുന്നു. പുഞ്ചകൃഷിക്കായി മൂന്നുമാസം സംഭരിച്ചുവെക്കുന്ന 300 ഏക്കറോളം വരുന്ന പാടശേഖരത്തിലെ വെള്ളത്തിലേക്ക് മാലിന്യം വന്നുനിറയുന്നതാണ് സമീപവാസികളെ ദുരിതത്തിലാക്കുന്നത്.
സമീപത്തെ കിണറുകൾ മലിനപ്പെട്ട നിലയിലാണ്. ഭൂരിഭാഗം കിണറുകളിലും കോളിഫോം ബാക്ടീരിയയും നിറഞ്ഞുകവിയുകയാണ്. ചില കിണറുകളിൽ നൈട്രേറ്റിന്റെ അംശവും കാണപ്പെടുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഈ ബാക്ടീരിയകൾ പ്രദേശത്തെ കിണറുകളിൽ നിറയുന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ.
മേഖലയിൽ ഉദര രോഗങ്ങളും ത്വക്ക് രോഗങ്ങളും പെരുകുന്നതിന്റെ കാരണവും മാലിന്യം കലർന്ന കുടിവെള്ളം സമീപവാസികൾ ഉപയോഗിക്കുന്നതു മൂലമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുറക്കുളം മാർക്കറ്റിലേക്ക് എത്തുന്ന മീൻ ലോറികളിലെയും മേഖലയിലെ കെട്ടിടങ്ങളിലെ സെപ്റ്റിക് ടാങ്കിലെയും മാലിന്യം തള്ളാനുള്ള സുരക്ഷിത താവളമാക്കുകയാണ് ചിറളയം മേഖലയിലെ പാടശേഖരം. ബണ്ടിലേക്ക് ഏതാനും ദിവസം മുമ്പാണ് പമ്പിങ് ആരംഭിച്ചത്.
ഈ വെള്ളത്തിന് നിറംമാറ്റവും ദുർഗന്ധവും രൂപപ്പെട്ടു. ബണ്ടിൽ കൃഷിക്ക് വെള്ളം സംഭരിക്കുന്നതുമൂലം സമീപ കിണറുകളിലേക്ക് ഇത് എത്തുന്നു. കൂടാതെ ബണ്ടിലെ ചണ്ടിയും കുളവാഴയും അഴുകിയാണ് ദുർഗന്ധം വമിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ഭാഷ്യം.
നാല് വർഷമായി ഈ ബണ്ടിൽ കൃഷി നടത്തിയിട്ടില്ല. മാലിന്യപ്രശ്നം രൂക്ഷമാകുമ്പോൾ വർഷം തോറും നഗരസഭ അധികാരികളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം സ്ഥലത്ത് സന്ദർശനം നടത്തി പരിശോധന നടത്തുമെന്നല്ലാതെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.