തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും കള്ളപ്പണ ഇടപാടും സംസ്ഥാന നേതാക്കളെയടക്കം സംശയനിഴലിലാക്കി പ്രതിസന്ധിയിലാക്കിയിരിക്കെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാൻ എൽ.ഡി.എഫിന്റെ ജാഥകൾ ബുധനാഴ്ച തുടക്കം. ജില്ലതലത്തിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധ സംഗമത്തിന് മുന്നോടിയായിട്ടാണ് റാലികൾ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ച പ്രചാരണ പരിപാടികളാണ് നടത്തുന്നത്.
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഏജൻസികളുടെ നയങ്ങൾക്കും ബി.ജെ.പി-കോൺഗ്രസ്-വലത് മാധ്യമ കുപ്രചാരണങ്ങൾക്കുമെതിരെ എന്നാണ് മുദ്രാവാക്യമെങ്കിലും കരുവന്നൂരുണ്ടാക്കിയ കുരുക്ക് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് ശ്രമം.
കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ കരുവന്നൂർ ബാങ്കിൽനിന്നുള്ള സഹകാരി സംരക്ഷണ പദയാത്രയായിരുന്നുവെങ്കിൽ നാല് ദിവസം നീണ്ട നിയോജക മണ്ഡലം തരത്തിലാണ് കാൽനട ജാഥ തീരുമാനിച്ചിരിക്കുന്നത്. ഇ.ഡി ചോദ്യം ചെയ്ത എ.സി. മൊയ്തീൻ വടക്കാഞ്ചേരിയിലും എം.കെ. കണ്ണൻ കൊടുങ്ങല്ലൂരിലും മുൻ എം.പി സി.എൻ. ജയദേവൻ ഇരിങ്ങാലക്കുടയിലും ജാഥ ഉദ്ഘാടനം ചെയ്യും. ജാഥകൾ പൂർത്തീകരിച്ച ശേഷമാണ് ജില്ലതലത്തിൽ പ്രതിഷേധ സംഗമം നടക്കുക.
അതേസമയം, സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഇടപെടലിനെ കുറിച്ച് ആലോചിക്കാൻ ബുധനാഴ്ച മുഴുവൻ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും യോഗം മന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്. ഓൺലൈനിലാണ് യോഗം. ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നിലനിര്‍ത്താൻ അതിതീവ്ര പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന സഹകരണ ഫ്രാക്ഷനിൽ അടിയന്തര ഇടപെടലുകൾ നിർദേശിച്ചിട്ടുണ്ട്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം മുതൽ നിക്ഷേപകര്‍ക്കുള്ള ആശങ്ക വരെ ഏറ്റെടുത്ത് യോഗങ്ങളും വീടുകയറി ബോധവത്കരണവും സംഘടിപ്പിക്കുന്നതടക്കമാണ് സി.പി.എം തീരുമാനിച്ചിട്ടുള്ളത്. കരുതൽ ധനത്തിന്റെയും വായ്പകളുടെയും വിശദാംശങ്ങൾ അതത് സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രദര്‍ശിപ്പിക്കും.
സഹകാരികളും ബാങ്ക് ജീവനക്കാരും സംഘങ്ങളായി തിരിഞ്ഞ് വീടുകളിൽ കയറിയുള്ള ബോധവത്കരണത്തിനും തുടക്കമായിട്ടുണ്ട്. ബോധവത്കരണത്തിനൊപ്പം പുതിയ നിക്ഷേപം സ്വീകരിക്കലും കുടിശ്ശിക പിരിവുമൊക്കെയാണ് അജണ്ടയെങ്കിലും വൻതോതിലുള്ള പ്രചാരണത്തിൽ നിക്ഷേപകരിലുണ്ടായ ആശങ്ക പരിഹരിക്കാനാണ് ഗൃഹസന്ദർശനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.