ആലത്തൂർ: എൽ.ഡി.എഫും യു.ഡി.എഫും വിജയപ്രതീക്ഷയിൽ

തൃശൂർ: എൽ.ഡി.എഫ് -യു.ഡി.എഫ് മുന്നണികൾ അതിശക്തമായ മത്സരമാണ് ആലത്തൂർ മണ്ഡലത്തിൽ കാഴ്ചവെച്ചത്. ത്രികോണ മത്സരമെന്ന് പേരിന് പറയാൻ പോലും എൻ.ഡി.എ കളത്തിലുണ്ടായിരുന്നില്ല. ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി തന്നെ കളത്തിലിറങ്ങിയെങ്കിലും വേണ്ടത്ര ചലനമൊന്നും അവർ മണ്ഡലത്തിൽ സൃഷ്ടിച്ചില്ല. തെരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പി ക്യാമ്പുകൾ മൗനത്തിലാണ്. വോട്ടുവിഹിതം കൂടുമെന്ന് മാത്രമാണ് അവർ അവകാശപ്പെടുന്നത്. അതേസമയം, എൻ.ഡി.എ സ്ഥാനാർഥി മുൻ അധ്യാപികകൂടിയായ ഡോ. ടി.എൻ. സരസു ഇപ്പോഴും വിജയപ്രതീക്ഷ ​കൈവിടുന്നില്ല.

കോൺഗ്രസും സി.പി.എമ്മും നേർക്കുനേർ ഏറ്റുമുട്ടിയ സംവരണ മണ്ഡലത്തിൽ ഇരുമുന്നണികൾക്കും ശക്തമായ പ്രതീക്ഷയാണുള്ളത്. മന്ത്രി കെ. രാധാകൃഷ്ണന്റെ വിജയം ഉറപ്പാണെന്ന് ഇടതു കേന്ദ്രങ്ങൾ തറപ്പിച്ചുപറയുന്നു. ഒരു പടികൂടി കടന്ന് മന്ത്രിയുടെ നിയോജക മണ്ഡലമായ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ ആരെ സ്ഥാനാർഥിയാക്കണമെന്ന നിലക്കുള്ള ചർച്ചകൾ വരെ സി.പി.എമ്മിലും ഇടതു മുന്നണിയിലും സജീവമായതായാണ് വിവരം. യുവ നേതാക്കളെ പരിഗണിക്കുമെന്നും എൽ.ഡി.എഫ് നേതൃത്വം അറിയിക്കുന്നു.

യു.ഡി.എഫ് ക്യാമ്പും വലിയ വിജയപ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. രമ്യ ഹരിദാസ് എം.പി രണ്ടാമൂഴം ഉറപ്പാക്കിക്കഴിഞ്ഞുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. സംസ്ഥാനത്ത് മുഴുവൻ കോൺഗ്രസ് തരംഗം ഉണ്ടായെന്നും വിജയം ആലത്തൂരും സുനിശ്ചിതമാണെന്നുമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കുറയാൻ സാധ്യതയുണ്ടെന്നും നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.

സംസ്ഥാനത്തെ ഭരണവിരുദ്ധ തരംഗം വലിയ തോതിൽ ​ഗുണം ചെയ്യുമെന്ന് കോൺഗ്രസ് അവകാശ​പ്പെടുമ്പോൾ കെ. രാധാകൃഷ്ണൻ വ്യക്തിപ്രഭാവത്തിലൂടെ അതിനെ മറികടന്നിട്ടുണ്ടെന്നാണ് സി.പി.എം നൽകുന്ന മറുപടി. അതേസമയം, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞതിന്റെ ഞെട്ടൽ ഇരുകൂട്ടർക്കുമുണ്ട്. 2019ൽ 80.42 ശതമാനം പോളിങ് നടന്ന മണ്ഡലത്തിൽ ഇക്കുറി 73.20 ശതമാനം വോട്ടിങ് ആണ് നടന്നത്. ഇത് എൽ.ഡി.എഫ്, യു.ഡി.എഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ലഭിച്ച വോട്ടുവിഹിതമായ 8.81 ശതമാനം എന്ന കണക്ക് ഉയർത്തുക എന്നതാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്. അതിനാൽ, പോളിങ് കുറഞ്ഞതിൽ ബി.ജെ.പി കേന്ദ്രങ്ങളിൽ വലിയ ആശങ്കയൊന്നുമില്ല.

2009ൽ 75.28 ശതമാനമായിരുന്നു ആലത്തൂരിലെ വോട്ടിങ്. 2014ൽ ഇത് 76.24 ആയി ഉയർന്നു. 2019ലെ വാശിയേറിയ പോരാട്ടത്തിൽ വോട്ടിങ് ശതമാനം ഗണ്യമായി ഉയർന്ന് 80.42 ആയി. ഇതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വീണ്ടും 73.20 ആയത്. ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ 5,04,204 സ്ത്രീകളും 4,74,923 പുരുഷന്മാരും അഞ്ച് ട്രാൻസ്ജെൻഡർ വ്യക്തികളും ഉൾപ്പെടെ ആകെ 9,79,732 പേർ വോട്ട് രേഖപ്പെടുത്തി. ആലത്തൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത് - 74.92 ശതമാനം. എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ സ്വന്തം മണ്ഡലമായ ചേലക്കരയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് -72.01 ശതമാനം.

Tags:    
News Summary - LDF UDF hoping victory Alathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-17 04:47 GMT