തൃശൂർ: പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാല 75ാം വര്‍ഷത്തിലേക്ക്. 1950ല്‍ രൂപംകൊണ്ട ഗ്രന്ഥശാല കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴിലെ ജില്ലയിലെ ആദ്യത്തെ എ പ്ലസ് ഗ്രേഡ് ലൈബ്രറിയാണ്. സീതാറാംമില്ലിലെ തൊഴിലാളികൾക്ക് അക്ഷരവെളിച്ചമേകാനായി പ്രവര്‍ത്തനമാരംഭിച്ചതാണ് ഗ്രന്ഥശാല. 1972ല്‍ കൗണ്‍സിലര്‍ കേശവന്‍കുട്ടിയുടെ ശ്രമഫലമായി പൂങ്കുന്നം ആശ്രമം ലെയിനില്‍ സൗജന്യമായി ലഭിച്ച നാല് സെന്റ് സ്ഥലത്ത് ലൈബ്രറി അംഗം മുത്തുസ്വാമി നായിഡു സംഭാവനയായി നല്കിയ 20 ലക്ഷം രൂപയും നാട്ടുകാരില്‍നിന്ന് ലഭിച്ച തുകയും ചേര്‍ത്താണ് നിലവിലെ കെട്ടിടം നിർമിച്ചത്.
ഗ്രന്ഥശാലയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ജില്ല ലൈബ്രറി കൗണ്‍സില്‍ 2012 മുതല്‍ ലൈബ്രറിയെ തൃശൂര്‍ താലൂക്കിലെ റഫറന്‍സ് ലൈബ്രറിയായൂം, താലൂക്കിലെയും ജില്ലയിലെയും മികച്ച ഗ്രന്ഥാലയമായും തെരഞ്ഞെടുത്തിട്ടുണ്ട്. 2024 അവസാനത്തോടെ ലൈബ്രറി പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുകയാണ്. മറ്റൊരു പ്രത്യേകത ഗ്രന്ഥശാലയിലുള്ള സി.ഡി ലൈബ്രറിയാണ്.
2010 ഡിസംബറില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴിലെ അയല്പക്ക പഠന കേന്ദ്രത്തിന്റെ ഭാഗമായി ലൈബ്രറിയില്‍ സൗജന്യ പി.എസ്.സി പഠന ക്ലാസ്സുകള്‍ ആരംഭിച്ചു. സൗജന്യ എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷ പരിശീലനവും സൗജന്യ ഇംഗ്ലീഷ് വ്യാകരണ ക്ലാസ്സും നടക്കുന്നുണ്ട്. ബാലവേദിയും സജീവമാണ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് വരെ എല്ലാ മാസവും വിവിധ പരിപാടികള്‍ ലൈബ്രറി ആസൂത്രണം ചെയ്തിട്ടുണ്ട്. എം.കെ. കണ്ണന് ചെയര്‍മാനായി സംഘാടകസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി പരിപാടികളുടെ ഉദ്ഘാടനം 25ന് വൈകീട്ട് നാലിന് മന്ത്രി ആര്. ബിന്ദു നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.