മാള: നൂറുകണക്കിന് രോഗികൾ എത്തുന്ന മാള സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തണമെന്നാവശ്യം ഉയരുന്നു. മതിയായ ഡോക്ടർമാരും ജീവനക്കാരും ഇല്ലാതെ ദുരിതം പേറുകയാണ് ചികിത്സ കേന്ദ്രം. മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിൽ അഞ്ച് പഞ്ചായത്തുകൾക്ക് പുറമേ പുത്തൻചിറ, പുത്തൻവേലിക്കര തുടങ്ങിയ മറ്റു പഞ്ചായത്തുകളിൽ നിന്നും രോഗികൾ എത്തുന്നുണ്ട്. തിരക്കു കാരണം കാത്തുനിന്ന് രോഗികൾ കുഴഞ്ഞു വീഴുന്ന സംഭവങ്ങൾ പതിവാണ്. പരിഹാരമായി കൂടുതൽ സ്റ്റാഫിനെ രാവിലത്തെ ഒ.പിയിൽ നിയമിക്കണമെന്നും ആവശ്യമുയരുന്നു. അതേസമയം, അധികൃതർ സത്വര നടപടി സ്വീകക്കണമെന്നും മാനസ്സികമായി തളർത്തുന്ന പ്രവണത ഉണ്ടാകരുതെന്നും ജീവനക്കാർ പറയുന്നു.
നിലവിൽ സൂപ്രണ്ടും താത്കാലിക ഡോക്ടറുമടക്കം നാലുപേരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ഒ.പി പ്രവർത്തനം. വിവിധ ക്യാമ്പുകൾ, സ്ഥാപനതല അവലോകന യോഗങ്ങൾ, ആഴ്ച തോറും ചേരേണ്ട ഐ.ഡി.എസ്.പി യോഗങ്ങൾ, പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവയിലും ജോലിത്തിരക്കിനിടയിൽ തങ്ങൾ തന്നെ സംബന്ധിക്കണമെന്നും ജീവനക്കാർ പറയുന്നു.
ആർ.സി.എച്ച് സംബന്ധമായ പ്രവർത്തനങ്ങൾ, വിവിധ സിവിൽ വർക്കുകളുടെ മേൽനോട്ടം തുടങ്ങി അസംഖ്യം ജോലികൾ വേറേയുമുണ്ട്. മറ്റു ഡോക്ടർമാർക്കുമുണ്ട് ആഴ്ച തോറും സബ് സെന്റ്ററുകളിലും അംഗനവാടികളിലും ഉള്ള കുത്തിവയ്പ് ഡ്യൂട്ടി തുടങ്ങി കടമ്പകൾ. ഇതുമൂലമാണ് ഒ.പിയിൽ ചില ദിവസങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനം മാത്രം ലഭ്യമാവുന്നത്. വാർഡിലെ കിടപ്പുരോഗികൾ, ഡയാലിസിസ് ചെയ്യുന്ന രോഗികൾ ഇവരെയും ഇതേഡോക്ടർമാർ തന്നെ ചികിത്സിക്കേണ്ടതുണ്ട്. ഒരു മണിക്ക് ശേഷം ഒ.പി ടിക്കറ്റ് കൊടുക്കുന്നില്ല എന്ന വാർത്ത തികച്ചും തെറ്റായ ഒന്നാണ്. പലപ്പോഴും രണ്ടര മുതൽ രണ്ടേമുക്കാൽ സമയം വരെ ഒക്കെ ആകും ഒ.പി കഴിയുന്നതെന്നും ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.