കാഞ്ഞാണി: കനത്ത മഴയിൽ അരിമ്പൂർ മനക്കൊടി വാരി പടവിെൻറ മോട്ടോർ തറയുൾെപ്പടെ വെള്ളം കയറിയതോടെ അഞ്ച് കോൾ പടവുകളിലായി 500 ഏക്കർ കോൾ പാടത്തെ കൃഷിയിറക്ക് പ്രതിസന്ധിയിലായി. മനക്കൊടി-പുള്ള് റോഡ് മറ്റു ബണ്ടുകളേക്കാൾ ഒന്നര മീറ്റർ താഴ്ന്ന് കിടക്കുന്നതിനാൽ ചെറിയ മഴ പെയ്താൽ പോലും ഇതുവഴിയുള്ള ഗതാഗതം തടസ്സമാകുന്ന വിധത്തിൽ റോഡ് വെള്ളത്തിലാവുകയാണെന്ന് കർഷകർ പറയുന്നു.
വാരിയം പടവ് വറ്റിച്ച് ഇരുപൂ കൃഷിയിറക്കാനാവശ്യമായ നടപടികൾ ആഗസ്റ്റ് അഞ്ചിന് ആരംഭിച്ചെങ്കിലും പലപ്പോഴായി പെയ്ത മഴ കാര്യങ്ങൾ അവതാളത്തിലാക്കി. 117 ഏക്കർ വരുന്ന വാരിയം പടവിലെ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്ന മോട്ടോർ ഇരിക്കുന്ന എൻജിൻ തറ പോലും വെള്ളത്തിലാണ്. മനക്കൊടി പുള്ള് റോഡ് മറികടന്ന് മഴവെള്ളം വാരിയം പടവിലേക്ക് ഒഴുകുമ്പോൾ വിളക്കുമാടം, തോട്ടുപുര, കൊടയാട്ടി, പടവുകളിലേക്കും വെള്ളം കയറും.
ഇതിന് പുറമെ കൃഷ്ണൻ കോട്ട, അഞ്ചു മുറി, വാരിയം പടവ്, വിളക്കുമാടം, എന്നീ പടവുകളിൽ വേണ്ടത്ര സ്ലൂയിസുകൾ ഇല്ലാത്തതിനാൽ കയറിയ വെള്ളം ഇറങ്ങുകയും എളുപ്പമല്ല. ചാലുകളിൽ ചണ്ടിയും കുളവാഴയും നിറഞ്ഞതോടെ വെള്ളമൊഴുക്കും തടസ്സപ്പെടുന്നുണ്ട്. അരിമ്പൂർ പഞ്ചായത്തിലെ പതിനാലോളം വരുന്ന പാടശേഖരങ്ങളിൽ ചണ്ടിയും കുളവാഴയും മൂലം ഒഴുക്ക് തടസ്സപ്പെട്ടത് മൂലം പമ്പിങ് തുടരാനാകാത്ത സാഹചര്യമാണുള്ളത്.
ജില്ല കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ പ്രശ്നം പരിഹരിക്കാൻ തീരുമാനമെടുത്തെങ്കിലും ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഒന്നും നടന്നില്ല. പ്രശ്ന പരിഹാരത്തിന് ജില്ല കലക്ടറുടെ അടിയന്തര ഇടപെടൽ വേണമെന്ന് അരിമ്പൂർ മേഖല കോൾ കോ ഓഡിനേഷൻ കമ്മിറ്റി കൺവീനർ കെ.കെ. ശശിധരനും, കേരള കർഷകസംഘം അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ. രാഗേഷും പറഞ്ഞു.
കാഞ്ഞാണി പെരുമ്പുഴ ആറുമുറി സ്ലൂയിസ് തുറന്ന് വാരിയം പടവ് ഉൾെപ്പടെയുള്ള കോൾ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.