കൊയ്ത്ത് പാതിവഴിയില്‍ സ്തംഭിച്ച മാങ്കുറ്റിപ്പാടം പാടശേഖരം
കോടാലി: വിളഞ്ഞ നെല്ല് കൊയ്തെടുക്കാനാകാത്തതിന്റെ വിഷമത്തിലാണ് മറ്റത്തൂരിലെ മാങ്കുറ്റിപ്പാടം പാടശേഖരത്തിലെ കര്‍ഷകര്‍. മഴ കനത്ത് പെയ്തതാണ് മാങ്കുറ്റിപ്പാടത്തെ മുണ്ടകന്‍ കൊയ്ത്ത് പ്രതിസന്ധിയിലാക്കിയത്. 17 ഹെക്ടറോളം വരുന്ന പാടശേഖരത്തെ നെല്ല് കൊയ്തെടുക്കാന്‍ തുടങ്ങിയ സമയത്ത് മഴയെത്തിയതാണ് ഇവിടത്തെ കര്‍ഷകര്‍ക്ക് വിനയായത്.
മഴയില്‍ മണ്ണ് കുതിര്‍ന്ന കണ്ടങ്ങളില്‍ കൊയത്ത് യന്ത്രമിറങ്ങിയപ്പോള് ചളിയില്‍ പൂണ്ടുപോകുന്ന അവസ്ഥവന്നതിനെ തുടര്‍ന്ന് കൊയ്ത്ത് നിര്‍ത്തിവെക്കേണ്ടിവന്നു. ചളിയില്‍ താഴ്ന്ന കൊയ്ത്തുയന്ത്രം ടില്ലറുകളുടെ സഹായത്തോടെയാണ് വലിച്ചുപുറത്തെടുത്ത് തിരികെകൊണ്ടുപോയത്.
ഇതുമൂലം മാങ്കുറ്റിപ്പാടം പാടശേഖരത്തിലെ ഏതാനും ഏക്കര്‍ സ്ഥലത്തുമാത്രമാണ് ഇതുവരെ കൊയ്ത്തുനടത്താനായത്. മുണ്ടകന്‍ കൊയ്തെടുക്കുമ്പോള്‍ കിട്ടാറുള്ള വൈക്കോല്‍ ഇത്തവണ കര്‍ഷകര്‍ക്ക് ഒട്ടുംതന്നെ ലഭിക്കാത്ത സ്ഥിതിയാണ്. കണ്ടങ്ങളില്‍ വെള്ളവും ചളിയും ഉള്ളതിനാല്‍ കൊയ്ത്തുനടത്തുമ്പോള് തന്നെ വൈക്കോല്‍ ചളിയില്‍ പൂണ്ടുപോകുന്നതാണ് കാരണം.
കൃഷിയിറക്കുന്നിനുള്ള കൂലിചെലവ് മുന്‍ വര്‍ഷങ്ങളില്‍ വൈക്കോലിന്റെ വിലയായി കിട്ടാറുള്ളത് ഇത്തവണ ഇല്ലാതായത് കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായിട്ടുണ്ട്. വേനല്‍മഴ തുടരുകയാണെങ്കില്‍ മാങ്കുറ്റിപ്പാടത്തെ നെല്ല് കൊയ്തെടുക്കാനാകാതെ നശിച്ചുപോകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. വെള്ളത്തിലിറങ്ങി കൊയ്ത്ത് നടത്തുന്ന യന്ത്രം എത്തിച്ച് എത്രയുംവേഗം കൊയ്തെടുക്കലാണ് ഇതിനുള്ള പരിഹാരം.
എന്നാല്‍ ഇത് സാധ്യമാകണമെങ്കില്‍ കണ്ടങ്ങളില്വെള്ളം നിറയണം. മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ വഴി വെള്ളം തുറന്നുവിട്ട് പാടശേഖരത്തേക്ക് വെള്ളമെത്തിച്ചാലേ ഇത്തരത്തില്‍ കൊയ്ത്തുനടത്താന്‍ കഴിയൂ. ഇതിനായി പാടശേഖര സമിതി ഭാരവാഹികള്‍ ഇറിഗേഷന്‍ അധികൃരെ സമീപിക്കുമെന്ന് പഞ്ചായത്തംഗവും പാടശേഖര സമിതി സെക്രട്ടറിയുമായ ശിവരാമന് പോതിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.