തൃശൂര്‍: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തില്‍ മെത്രാന്മാരുടെയും വൈദികരുടെയും വിശ്വാസികളുടെയും അഭിപ്രായം അറിയിക്കാൻ വത്തിക്കാനിൽനിന്ന് നിർദേശമെത്തി. തൃശൂര്‍, ഇരിങ്ങാലക്കുട, മാനന്തവാടി, എറണാകുളം, താമരശ്ശേരി, ഫരീദാബാദ് രൂപതകളുടെ പ്രതിനിധികള്‍ ഡല്‍ഹിയിലെ പോപ്പിെൻറ അംബാസഡറുമായി സംസാരിച്ചതിെൻറ പശ്ചാത്തലത്തിലാണ് സിറോ മലബാര്‍ സഭയിലെ രൂപതാധ്യക്ഷന്മാരോട് ഈ മാസം 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടത്.
കുർബാന പരിഷ്കാര വിവാദത്തിൽ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി ഒരു വിഭാഗം വൈദികർ പ്രതിഷേധ ഉപവാസ യജ്ഞം നടത്തി. പ്രാർഥനയും ദിവ്യകാരുണ്യ ആരാധനയും നടത്തിയായിരുന്നു പ്രതിഷേധം. അര നൂറ്റാണ്ടിലധികമായി അനുഷ്ഠിച്ചുവരുന്ന ജനാഭിമുഖ കുർബാന തകിടംമറിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഫാ. ജോൺ അയ്യങ്കാനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിഷേധപരിപാടികൾ തുടരാൻ തീരുമാനിച്ചു. നവംബർ 11ന് മുമ്പായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനോട് വൈദിക സമ്മേളനം വിളിക്കാൻ ആവശ്യപ്പെടാനും ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പുതിയ മാർഗങ്ങളിലൂടെ സിനഡ് മെത്രാൻമാരെയും അതിരൂപത മെത്രാപ്പൊലീത്തയെയും കാര്യങ്ങൾ ബോധ്യപ്പെടുത്താനും അനിശ്ചിതകാല നിരാഹാരം പോലുള്ള സമരപരിപാടികളിലേക്ക് കടക്കാനും വൈദിക കൂട്ടായ്മ തീരുമാനിച്ചു.
ഈ മാസം 28 മുതലാണ് പരിഷ്കരിച്ച കുർബാന രീതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച അതിരൂപതയിലെ പള്ളികളിൽ കുർബാന പരിഷ്കരണവുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പിെൻറ ഇടയലേഖനം വായിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.