കയ്പമംഗലം: തീരദേശത്തിന് ഏറെ ആശ്വാസമായി തൃശൂർ മെഡിക്കൽ കോളജിൽനിന്ന് വൈകീട്ട് അഴീക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു. തീരദേശത്തെ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ഇ.ടി. ടൈസൺ എം.എൽ.എ നടത്തിയ കൂടിക്കാഴ്ചയിലാണ് വൈകീട്ടുള്ള സർവിസും കൂടി അനുവദിച്ചത്.
ദിവസവും രാവിലെ അഞ്ചിന് കൊടുങ്ങല്ലൂരിൽനിന്ന് അഴീക്കോട്ടേക്ക് ബസ് സർവിസ് ആരംഭിക്കും. 5.30ന് അഴീക്കോട് നിന്ന് അസ്മാബി കോളജ്, താടി വളവ്, പെരിഞ്ഞനം, മൂന്നുപീടിക, തൃപ്രയാർ, വാടാനപ്പള്ളി, കാഞ്ഞാണി വഴി 7.30ന് ബസ് മെഡിക്കൽ കോളജിൽ എത്തിച്ചേരും.
വൈകീട്ട് 4.15ന് മെഡിക്കൽ കോളജിൽ നിന്ന് ആരംഭിക്കുന്ന സർവിസ് തൃശൂർ, വാടാനപ്പള്ളി, തൃപ്രയാർ, പെരിഞ്ഞനം, താടിവളവ്, അസ്മാബി കോളജ് വഴി 6.30ന് അഴീക്കോട് ജെട്ടിയിൽ എത്തിച്ചേരും. അവിടെനിന്ന് ഏഴിന് അഞ്ചപ്പാലം വഴി കൊടുങ്ങല്ലൂരിലേക്ക് മടങ്ങും. കയ്പമംഗലം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ ബസ് സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വാർഡ് അംഗങ്ങളായ സായിദ മുത്തുക്കോയ തങ്ങൾ, എൻ.കെ. അബ്ദുൽ നാസർ, വി.ബി. ഷെഫീക്ക്, ഇസ്ഹാക്ക് പുഴങ്കരയില്ലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ജിനേഷ്, തൃശൂർ അസി. ക്ലസ്റ്റർ ഓഫിസർ കെ.ജെ. സുനിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.