തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. കൂടാതെ ഐ.പി.സി 447 പ്രകാരം മൂന്ന് മാസം കഠിന തടവും 341 പ്രകാരം ഒരു മാസം തടവും വിധിച്ചിട്ടുണ്ട്.
ഒല്ലൂക്കര ശ്രേയസ് നഗറിൽ മാപ്രാണം വീട്ടിൽ ജോസിന്റെ മകൻ മോണിയെ (54) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി മുല്ലക്കര ആന കൊട്ടിൽ ദേശത്ത് കുപ്പത്തിൽ വീട്ടിൽ മനോജിനെ തൃശൂർ അഡീഷനൽ ജില്ല ജഡ്ജി ടി.കെ. മിനിമോൾ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി സുനിൽ (കണ്ണൻ) വിചാരണ മധ്യേ മരിച്ചിരുന്നു.
2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട മോണിയുടെ വീടിനു സമീപം റോഡിലിരുന്ന് പ്രതികളായ മനോജും കണ്ണനും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനെ മോണി ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു കൊലപാതകം.
മണ്ണുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വയനാട്ടിൽനിന്നാണ് എസ്.എച്ച്.ഒ ആയിരുന്ന പി.കെ. പത്മരാജൻ പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളും തെളിവിൽ ഹാജരാക്കി. ഇപ്പോൾ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി പ്രവർത്തിക്കുന്ന മുൻ ഒല്ലൂർ സി.ഐ ദേവദാസാണ് കേസന്വേഷണം നടത്തിയത്.
മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.മണികണ്ഠനാണ് സാക്ഷി വിസ്താര നടപടികളെ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഭിഭാഷകരായ കെ.എം. അമീർ, പി.ആർ. വിഷ്ണുദത്തൻ, സി.ജെ. അമൽ, ആസാദ് സുനിൽ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.