ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മന്ദലാംകുന്ന് സെന്ററിൽനിന്ന് കനോലി കനാൽ വഴി കൊച്ചന്നൂർ റൂട്ടിൽ അടിപ്പാത ഇല്ലാത്തതിൽ ആശങ്കയുമായി നാട്ടുകാർ. നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാ മസ്ജിദും ഖബർസ്ഥാനും നിലവിലെ ദേശീയപാതയുടെ ഇരുവശങ്ങളിലും ഏറെ അകലത്തിലുള്ളതിനാൽ വികസനത്തിന് ഭൂമി ലഭ്യമല്ലാത്തതിനാൽ അൽപം കിഴക്കോട്ടുമാറിയാണ് പുതിയ പാത പോകുന്നത്. 1500ഓളം വീടുകൾ ഉൾപ്പെടുന്നതാണ് മന്ദലാംകുന്ന് മഹല്ല്. ദേശീയപാതക്ക് ഇരുവശവുമായി വ്യാപിച്ചതാണ്.
കനോലി കനാലിന് കുറുകെയുള്ള പാലം വഴിയാണ് ജുമുഅ നമസ്കാരത്തിനും മയ്യിത്ത് മറവു ചെയ്യാനുമൊക്കെ ആളുകൾ എത്തുന്നത്. തീരദേശമേഖലയിൽ ആളുകൾ ഏറ്റവും അധികം വിദ്യാഭ്യാസ, വാണിജ്യ ചികിത്സ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് മന്ദലാംകുന്ന് കൊച്ചന്നൂർ അപ്രോച്ച് റോഡാണ്. കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ, പട്ടാമ്പി, പാലക്കാട് മേഖലയിലേക്കും പുന്നയൂർക്കുളം ശാന്തി നഴ്സിങ് ഹോം, ആൽത്തറയിലെ പുന്നയൂർക്കുളം പഞ്ചായത്ത് ഓഫിസ്, കെ.എസ്.ഇ.ബി, ടെലിഫോൺ എക്സ്ചേഞ്ച്, പുന്നയൂർക്കുളം സഹകരണ ബാങ്ക്, വടക്കേക്കാട് പൊലീസ് സ്റ്റേഷൻ, സമീപത്തെ അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫിസ്, പുന്നയൂർ പഞ്ചായത്ത് ഓഫിസ്, പുന്നയൂർ സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്ക് തീരമേഖലയിൽ നിന്നുള്ള റൂട്ടാണിത്.
തിരിച്ച് കിഴക്കൻ മേഖലയിലുള്ളവർക്ക് ചാവക്കാട്, കോഴിക്കോട് മേഖലകളിലേക്കും പ്രാദേശികമായി മന്ദലാംകുന്ന് ഫിഷറീസ് സ്കൂൾ, എടക്കഴിയൂർ ആരോഗ്യകേന്ദ്രത്തിലേക്കും എത്താനുമുള്ളത് ഈ വഴിയിലൂടെയാണ്. നിർദിഷ്ട ദേശീയപാതയുടെ പുതിയ അലൈൻമെന്റ് പ്രകാരം മന്ദലാംകുന്നിൽ അണ്ടർ പാസ് ഇല്ലാത്ത പുതിയ നാലുവരി പാതയാണ്. ഇതോടെ പാതയുടെ ഇരുവശവും കൊട്ടിയടക്കപ്പെടുകയാണ്. ഈ രീതിയിലുള്ള വികസനം ജനദ്രോഹമായി കാണാനേ കഴിയൂവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പുതിയ പാത വരുന്നതോടെ മന്ദലാംകുന്ന് കൊച്ചന്നൂർ റോഡിനെ പാതയുടെ കിഴക്ക് ഭാഗത്ത് അവസാനിപ്പിച്ച് അതിനെ സർവിസ് റോഡുമായി ബന്ധിപ്പിച്ച് ആ സർവിസ് റോഡ് കിലോമീറ്ററുകൾക്ക് അപ്പുറം പോയി തിരിച്ച് മെയിൻ റോഡിലേക്ക് വരേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്. അതിനാൽ മന്ദലാംകുന്ന് സെന്ററിന് കിഴക്കുഭാഗത്ത് കൂടി കടന്നുപോകുന്ന ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്നാണ് നാടിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ദലാംകുന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് എ.എം. അലാവുദ്ദീന്റെ നേതൃത്തിൽ സെക്രട്ടറി അബു കണ്ണാണത്ത്, കമ്മിറ്റിയംഗം ഉമർ മുക്കണ്ടത്ത് എന്നിവർ ജില്ല കലക്ടർ ഹരിത വി. കുമാറിന് നിവേദനം നൽകി. ടി.എൻ. പ്രതാപൻ എം.പി, എൻ.കെ. അക്ബർ എം.എൽ.എ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.
വിഷയത്തിൽ ദേശീയപാത അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് മന്ദലാംകുന്ന് ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. എം.കെ. സലീമിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രി മേൽനടപടിക്കായി ജില്ല കലക്ടർക്ക് കൈമാറിയിട്ടുണ്ടെന്ന വിവരം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.