കോൺഗ്രസിനെ വെല്ലുവിളിച്ച് മേയർ; ഒരു അനധികൃത നിയമനവും ഇവിടെ നടക്കില്ല -എം.കെ. വർഗീസ്

തൃശൂര്‍: കോർപറേഷനിൽ അനധികൃത നിയമനം നടക്കുന്നുവെന്ന കോൺഗ്രസിനെയും പ്രതിപക്ഷത്തിന്റെയും ആരോപണത്തിനെതിരെ മേയർ എം.കെ. വർഗീസ്. താൻ മേയറായിരിക്കുവോളം അത്തരം ഒരു ഇടപെടലും നടക്കില്ലെന്ന് മേയർ പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താമെന്നും മേയർ പറഞ്ഞു.

നഗരസഭയും സമീപ പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത് കോര്‍പറേഷന്‍ രൂപവത്കരിക്കുന്നത് 2000ത്തിലാണ്. അന്നുമുതല്‍ ഇന്നേവരെ കണ്ടിൻജന്‍റ് ജീവനക്കാരുടെ തസ്തിക 246 ആണ്. ഇതാകട്ടെ പഴയനഗരസഭ പ്രദേശത്ത് മാത്രം അനുവദിക്കപ്പെട്ട തസ്തികയാണ്.

കോര്‍പറേഷന്‍ എന്ന നിലയില്‍ പുതിയ തസ്തികകള്‍ അനുവദിച്ചിട്ടില്ല. പകരം ദൈനംദിന ഓഫിസ് കാര്യങ്ങളിൽ തടസ്സം വരാതിരിക്കാൻ കൗണ്‍സില്‍ തീരുമാനിച്ച പ്രകാരം ഒരു ഡിവിഷനിലേക്ക് ആറ് തൊഴിലാളികള്‍ എന്ന നിലയില്‍ ജീവനക്കാരെ അനുവദിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിൽ എല്ലാവരും ശിപാർശ ചെയ്തിട്ടുണ്ട്. ഇതെല്ലാം 2000 മുതല്‍ തുടരുന്നതാണ്.

ഈ തൊഴിലാളികളെയെല്ലാം ആദ്യം ജോലിയില്‍ പ്രവേശിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത കൗണ്‍സിലാണ്. ഇവരെ സ്ഥിരം ജീവനക്കാരായി നിയമിക്കാൻ കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാറിലേക്ക് പോയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകളും നിലവിലുണ്ട്.

ശുചീകരണ തൊഴിലാളികള്‍ക്കുപുറമെ ശുചീകരണ രംഗത്തും കുടിവെള്ള വിതരണ രംഗത്തും ഉള്‍പ്പെടെ വിവിധ മേഖലകളിലായി കോൺഗ്രസ് ഉന്നയിച്ചത് പോലെ 142 അല്ല, 561 പേരുണ്ടെന്ന് തസ്തികകൾ സഹിതം മേയർ വെളിപ്പെടുത്തി.

ശുചീകരണ രംഗത്ത് സര്‍ക്കാര്‍ തസ്തിക അംഗീകരിച്ച് നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ഇത് തുടരും. തസ്തിക അനുവദിച്ച് നിയമനം നടക്കാന്‍ വൈകുകയാണെങ്കില്‍ മാത്രമെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍നിന്ന് സാധാരണ ഗതിയില്‍ ലിസ്റ്റ് ലഭിക്കൂ. എന്നിട്ടും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍നിന്ന് പ്രത്യേക അനുമതിയോടുകൂടി ലിസ്റ്റ് ലഭിക്കാന്‍ കൗണ്‍സില്‍ തീരുമാനപ്രകാരം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലേക്ക് കത്ത് നല്‍കിയതിന്റെ പകർപ്പും മേയർ പുറത്തുവിട്ടു.

ഡി.സി.സി പ്രസിഡന്റിന്റെ അറിവില്ലായ്മോ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതോ ആവാമെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - No unauthorized appointment will take place here -MK Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.