തൃശൂർ: ഇന്ന് ഉത്രാടമായി... നാളെ തിരുവോണമാണ്. അവസാനവട്ട തിരക്കുകളിലാണ് നാടാകെ. പൂരാടം നാളിൽ ഞായറാഴ്ച കൂടിയായതോടെ കുടുംബമെത്തി ഓണവിഭവങ്ങൾ വാങ്ങാനുള്ള തിരക്കിലായിരുന്നു നഗരം. സദ്യവട്ടങ്ങൾ വാങ്ങാനും ഓണക്കോടിയെടുക്കാനും പൂക്കളമൊരുക്കാൻ പൂ വാങ്ങാനുമെല്ലാം മലയാളികൾ ഓട്ടപാച്ചിൽ നടത്തും. ഓണവിപണി ലക്ഷ്യമിട്ട് നിരവധി വഴിയോര കച്ചവടക്കാരും നിരത്തുകളിൽ നിരന്നിട്ടുണ്ട്.
പരിസരവും വൃത്തിയാക്കി നിലവിളക്കും കഴുകിവച്ച് കഴിയുമ്പോൾ മാത്രമായിരിക്കും ഉത്രാടപാച്ചിലിന് അവസാനമാകുന്നത്. മാവേലിയെ വരവേൽക്കാനുള്ള തൃക്കാക്കരയപ്പൻ, പൂക്കൾ എന്നിവക്ക് ഒപ്പം നേന്ത്രക്കായയും തന്നെയാകും ഊത്രാടനാളിലെ സൂപ്പർ സ്റ്റാറുകൾ. ചെങ്ങാലിക്കോടന് 75 മുതൽ 110 രൂപ വരെ കിലോവിന് വിലവരുന്നുണ്ട്. പച്ചക്കറിക്ക് പൊള്ളുന്ന വില ഇല്ലെങ്കിലും പലചരക്ക് വില ഏറെ കടുപ്പിക്കുന്നതാണ്. സർക്കാറിന്റെ ഓണച്ചന്തകളിൽ ആളുകളുടെ നീണ്ട നിരയാണ്. ഗൃഹോപകരണ വിപണിയിലും മൊബൈൽ ഫോൺ മേഖലയിലുമെല്ലാം തിരക്കുണ്ട്. ഉത്രാടം മുതൽ നാട് ഓണാഘോഷത്തിൽ നിറയും. ജില്ലതല ഓണാഘോഷത്തിന് വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ തിരിതെളിയും. 30ന് കണ്ടശാംകടവ് വള്ളംകളി, തൃശൂരിലും ഊരകത്തും ചേർപ്പിലും ഒല്ലൂരിലുമെല്ലാം കുമ്മാട്ടികളിറങ്ങും, കൈകൊട്ടിക്കളി, വടംവലി, ഓണത്തല്ല് എന്നിവയെല്ലാം ഓണനാളുകളിലെ ആഘോഷങ്ങളിൽ നിറയും. ജില്ല ഓണാഘോഷത്തിൽ ഇത്തവണ കുടുംബശ്രീ അംഗങ്ങളുടെ മെഗാ തിരുവാതിരകളിയും ഇടം നേടിയിട്ടുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടാനുള്ള പ്രകടനം കൂടിയാണ് ഈ വർഷത്തെ ഓണാഘോഷം. ഓണത്തിന് മുമ്പുള്ള അവസാന ഞായറും പൂരാടവും കൂടിയായതോടെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും വൻതിരക്കായിരുന്നു. തേക്കിൻകാട് മൈതാനിയിൽ നൂറിലേറെ കച്ചവടക്കാരാണ് രാവിലെ മുതൽ സ്ഥാനം പിടിച്ചത്.
രാവിലെ തിരക്ക് അൽപ്പം കുറവായിരുന്നെങ്കിലും ഉച്ചക്കഴിഞ്ഞതോടെ നഗരത്തിലടക്കം തിരക്കേറി. പച്ചക്കറി, പലചരക്ക് കടകളിലും വസ്ത്രവ്യാപാര കടകളിലും വൻ തിരക്കായിരുന്നു. വടക്കുംനാഥന് കിഴക്കേ നടയിലെ പൂവിപണിയിലും നല്ലതിരക്കായിരുന്നു. ഓണനാളിൽ പാലട പ്രഥമനാണ് പ്രിയം. കാറ്ററിങ് സർവിസുകാരും ക്ലുബുകാരും സന്നദ്ധ സംഘടനകളുമെല്ലാം പാലട പ്രഥമൻ മേളകൾ ഒരുക്കിയിട്ടുണ്ട്. ഓണസദ്യ പൂർണമാകണമെങ്കിൽ പാലട നിർബന്ധമാണ്. കാറ്ററിങ് സ്ഥാപനങ്ങളിലും മറ്റും ആയിരക്കണക്കിന് ലിറ്റർ പായസമാണ് ഒരുക്കുന്നത്. ലിറ്ററിൽ പല സ്ഥലങ്ങളിലും വിത്യസ്തമായ വിലയാണ് ഈടക്കുന്നത്. പാലട പ്രഥമന്‍ 180 രൂപ മുതൽ 250 രൂപ വരെ ഉണ്ട്. വിഭവങ്ങളുടെ എണ്ണം കൂടുന്നതോടെ ഓണ സദ്യക്കും വിലയും കൂടും. സദ്യക്ക് 1500 രൂപ മുതൽ 2999 രൂപ വരെ വാങ്ങുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.