തൃശൂർ: നെല്ലുൽപാദനത്തിൽ കോൾ, കോൾ ഇതര മേഖലകളിലായി ജില്ലയിൽ 150 കോടി രൂപയിലേറെ നഷ്ടം ഉണ്ടായതായി കേരള കർഷക സംഘം ജില്ല കമ്മിറ്റി.
വെള്ളപ്പൊക്കം, വരൾച്ച എന്നിവക്ക് പുറമെ ശാസ്ത്രീയമായി സംസ്കരിക്കാത്ത വിത്തിനങ്ങൾ, നല്ല ഫലം നൽകാത്ത രാസവളം, കീടനാശിനി, എന്നിവയുടെ പ്രയോഗം, ഗുണനിലവാരമില്ലാത്ത ജൈവവളങ്ങൾ, മണ്ണിന്റെ ഘടന, ഒരേ വിത്ത് ഉപയോഗിച്ചുള്ള ആവർത്തന കൃഷി എന്നിവ ഉൽപാദനത്തിൽ വൻ ഇടിവിനും കനത്ത നഷ്ടത്തിനും കാരണമായിട്ടുണ്ടെന്ന് ജില്ല കമ്മിറ്റി ചൂണ്ടിക്കാട്ടി.
2022-23ൽ വിരിപ്, മുണ്ടകൻ, പുഞ്ച സീസണുകളിലായി 28524 ഏക്കറിലും കോൾ നിലങ്ങളിൽ 26,656 ഏക്കറിലുമാണ് കൃഷിയിറക്കിയത്. 1,12,001 ടൺ നെല്ലാണ് ഉൽപാദിപ്പിച്ചത്. എന്നാൽ, 2023-‘24ൽ ആകെ 48,716 ഏക്കറിൽ നെൽകൃഷി ഇറക്കിയതിൽ 62,515 ടൺ നെല്ല് മാത്രമാണ് കിട്ടിയത്.
നേർപകുതിയാണ് കുറവ്. വൈക്കോലിനെ ആശ്രയിച്ച് കൃഷിയിറക്കുന്ന നാട്ടിൻപുറങ്ങളിലെ ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. നെല്ലും വൈക്കോലും ഭാഗികമായും പൂർണമായും നഷ്ടപ്പെട്ട ആയിരക്കണക്കിന് ചെറുകിട, നാമമാത്ര കർഷകരും പാടശേഖരങ്ങളുണമുണ്ട്. കൊയ്ത്തു കൂലി പോലും കിട്ടാത്ത പാടശേഖരങ്ങൾ പലതാണ്. ചണ്ടും പതിരും മാത്രം കിട്ടുന്ന സാഹചര്യത്തിൽ നിരവധി പാടശേഖരങ്ങൾ കർഷകർതന്നെ തീവെച്ചു.
ഭാഗകമായി രക്ഷപ്പെട്ടിടത്ത് ഒരേക്കറിൽ 25 മുതൽ 35 ക്വിന്റൽ വരെ ലഭിക്കാറുള്ളത് രണ്ട് മുതൽ നാല് വരെ ക്വിന്റലായി കുറഞ്ഞു. ഏക്കറിന് 25,000 മുതൽ 35,000 രൂപ വരെ ഉൽപാദന ചെലവ് നേരിട്ട് കർഷകന് പിടിച്ചുനിൽക്കാൻ കഴിയാത്ത സാചര്യമാണ്.
ഉൽപാദന ചെലവിലെ വർധനവും ഗുണമേന്മയില്ലാത്ത വിത്ത്, വളം എന്നിവയും പ്രതികൂല കാലാവസ്ഥയും പെരുകുന്ന വന്യമൃഗ ശല്യവും ഗൗരമായി പരിഗണിക്കണം. പുതിയ വർഷം തുടങ്ങുന്നതിന് മുമ്പ് മാന്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ മുന്നോട്ട് പോകാനാവില്ലെന്ന് കർഷക സംഘം ചൂണ്ടിക്കാട്ടി.
ബാങ്കുകളിൽനിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിനിന്നും വായ്പയെടുത്ത് കർഷകർ ദുരിതത്തിലാണ്. അടിയന്തിര നഷ്ടപരിഹാരവും ശാസ്ത്രീയമായി പഠിച്ച് ശാശ്വത പരിഹാരവും വേണമെന്ന് ജില്ല സെക്രട്ടറി എ.എസ്. കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.