ആമ്പല്ലൂർ: കല്ലൂർ ആലേങ്ങാട് പെട്രോൾ പമ്പിൽ ജീവനക്കാരനെ ബന്ദിയാക്കി കവർച്ച. ജീവനക്കാരനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു. ചാലക്കുടി സ്വദേശി ജെയ്സെൻറ ഉടമസ്ഥതയിലുള്ള അയ്യഞ്ചിറ ഫ്യൂവൽസിലാണ് കവർച്ചശ്രമം നടന്നത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
പമ്പിെൻറ ഓഫിസിൽ താമസിക്കുന്ന മുട്ടിത്തടി സ്വദേശി രാജുവിനെയാണ് ബന്ദിയാക്കിയത്. രാത്രി എട്ടിന് പമ്പ് അടച്ചശേഷം ഉറങ്ങാൻകിടന്ന രാജു ഓഫിസ് മുറിയുടെ രണ്ട് പാളികളുള്ള ജനലിെൻറ ഒരുഭാഗത്തെ ചില്ല് തകർത്ത ശബ്ദം കേട്ടാണ് ഉണർന്നത്. അകത്തുകടന്ന മോഷ്ടാവ് രാജുവിെൻറ കഴുത്തിൽ മുറുകെ പിടിച്ച് ബന്ദിയാക്കിയശേഷം പണം ആവശ്യപ്പെടുകയായിരുന്നു.
ശബ്ദിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ചശ്രമം. രാജുവിെൻറ കൈയിലുണ്ടായിരുന്ന 2000 രൂപ ഇയാൾ തട്ടിയെടുത്തു. അരമണിക്കൂറോളം ജീവനക്കാരനെ തടഞ്ഞുവെച്ചു. ഇതിനിടെ അലമാരയുടെ താക്കോൽ നൽകാനും പണം എവിടെയാണ് സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന് കാണിച്ചുകൊടുക്കാനും പറഞ്ഞ് പലതവണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി. പണം ഉടമ കൊണ്ടുപോയെന്നും താക്കോൽ തെൻറ കൈവശമില്ലെന്ന് പറഞ്ഞെങ്കിലും മോഷ്ടാവ് അലമാരകൾ തുറക്കാൻ ശ്രമിച്ചു.
ജീവനക്കാരൻ താമസിച്ചിരുന്ന മുറിയിലെ അലമാരയിൽ അന്നത്തെ കലക്ഷനായ രണ്ടു ലക്ഷം രൂപ ഉണ്ടായിരുന്നു. ജീവനക്കാരൻ തന്ത്രത്തിൽ പറഞ്ഞ് അടുത്ത മുറിയിലേക്ക് മോഷ്ടാവിനെ കൊണ്ടുപോയി. അവിടെയുള്ള മേശയും അലമാരയും തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഞ്ചരയടി ഉയരവും മെലിഞ്ഞ ശരീരമുള്ളയാളാണ് കവർച്ചക്കെത്തിയതെന്ന് രാജു പറഞ്ഞു.
മുഖം തുണികൊണ്ടുമറച്ച ഇയാൾ കൈയുറയും തോളിൽ ബാഗും ധരിച്ചിരുന്നു. ഓഫിസിനുള്ളിൽനിന്ന് ഓടിരക്ഷപ്പെട്ട രാജു നാട്ടുകാരെ അറിയിച്ച് തിരിച്ചെത്തുമ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.
പമ്പിലെ നാല് നിരീക്ഷണ കാമറകളിൽ മോഷ്ടാവിെൻറ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.