മാള: ട്രേഡ് യൂനിയനുകൾ ഇല്ല, ഫാക്ടറി പടിക്കൽ സത്യഗ്രഹവും ധർണയും ഇല്ല, തൊഴിലാളി മുദ്രവാക്യങ്ങൾ ഒരിക്കലും ഉയർന്നില്ല, സമരങ്ങൾ ഒന്നും നടന്നില്ല. എന്നിട്ടും, ഒരു ഫാക്ടറി പൂട്ടി. മാള പൊയ്യ പൂപ്പത്തി ചക്ക ഫാക്ടറിയാണ് അടഞ്ഞത്. ഇന്നു തുറക്കും, നാളെ തുറക്കും എന്ന് കരുതി കാത്തിരുന്നവർ നിരാശരായി. ദിവസവും രാവിലെ വാച്ച്മാൻ ഉണ്ണികൃഷ്ണൻ ഗേറ്റ് തുറക്കുകയും വൈകീട്ട് അടക്കുകയും ചെയ്യും. പിന്നെ അതും തുറക്കാതെ ആയി. തുരുമ്പെടുത്ത ലോക്കിന് പിറകിലെ ഗേറ്റ് അടഞ്ഞു തന്നെ കിടന്നു. ഫാക്ടറി വളപ്പിൽ കാടുവളർന്നു. യന്ത്രങ്ങൾ തുരുമ്പെടുത്തു. ചക്ക ഫാക്ടറി ചലനമറ്റ ഫാക്ടറി ആയി മാറി. പൊയ്യ പൂപ്പത്തി ആഗ്രോ ഇൻഡ്രസ്ട്രീസ് കോർപ്പറേഷൻ പഴവർഗ സംസ്കരണ ഫാക്ടറി 2016 ലാണ് പ്രവർത്തനം നിലച്ചത്. അതുവരെ ഇവിടെനിന്ന് ഒരു ഡസനോളം വിഭവങ്ങൾ പുറത്തിറക്കിയിരുന്നു. 1997ൽ അന്നത്തെ കൃഷി മന്ത്രി കൃഷ്ണൻ കണിയാംപറമ്പിലാണ് ഫാക്ടറിക് തറക്കല്ലിട്ടത്. 2013ൽ അന്നത്തെ കൃഷി മന്ത്രി പി.കെ. മോഹനൻ സ്വിച്ച്ഓൺ നിർവഹിച്ചു.
പിന്നീട് പ്രവർത്തനം നിലച്ച കമ്പനി പോരായ്മകൾ നികത്തി ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന അധികൃതരുടെ അറിയിപ്പ് ഫലം കണ്ടില്ല. ഫാക്ടറിയിൽ വിവിധ പഴങ്ങളുടെ സംസ്കരണം നടത്തുമെന്ന പ്രഖ്യാപനം വന്നെങ്കിലും അതും നടപ്പിലാക്കാനായില്ല. ചക്ക മാത്രമാണ് സംസ്കരിക്കാൻ കഴിഞ്ഞത്. ഇതിനുള്ള യന്ത്ര സംവിധാനങ്ങളെ ഇവിടെയുള്ളൂ.
ചക്കയിൽ നിന്ന് ഹലുവയും ജാമുമാണ് നിർമിച്ചിരുന്നത്. ചക്ക വരവ് നിന്നതോടെ ഇതും നിലച്ചു. ആകെ എട്ട് തൊഴിലാളികളാണ് ഇവിടെയുണ്ടായിരുന്നത്. നാലുപേർ വനിതകളായിരുന്നു. കരാർ അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചിരുന്നത്. ആധുനിക യന്ത്രങ്ങൾ, വിവിധ പഴങ്ങൾ സംസ്കരിക്കുന്നതിനുള്ള അനുബന്ധ വസ്തുക്കൾ, തൊഴിലാളികൾ എന്നിങ്ങനെ ആവശ്യങ്ങൾ നിരവധിയായിരുന്നു. പക്ഷേ, ഒന്നും യാഥാർഥ്യമായില്ല. ഫാക്ടറിയുടെ സജീവ പ്രവർത്തനം ഇന്നും സ്വപ്നങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.