തൃശൂർ: രാത്രി പൂരം എഴുന്നള്ളിപ്പിനിടെ തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ട രണ്ടുപേർ മരക്കൊമ്പ് ദേഹത്ത് വീണ് മരിച്ച സാഹചര്യത്തിൽ വെടിക്കെട്ട് ഉപേക്ഷിച്ചെങ്കിലും വെടിമരുന്ന് നിർവീര്യമാക്കൽ ഫലത്തിൽ വെടിക്കെട്ടായി. പൂര നഗരിയിലേക്ക് കാഴ്ചക്കാരെ പ്രവേശിപ്പിച്ചിരുന്നില്ലെങ്കിലും പുലർച്ച വെടിക്കെട്ടിന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഒരുങ്ങിയിരുന്നു.
ദുരന്തമുണ്ടായ പഴയ നടക്കാവിൽ അർധരാത്രിതന്നെ എത്തിയ കലക്ടർ എസ്. ഷാനവാസും സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യവും ദേവസ്വങ്ങളുടെ ഭാരവാഹികളുമായി തുടർന്നുള്ള കാര്യങ്ങളെപ്പറ്റി ചർച്ച നടത്തിയിരുന്നു. പ്രധാനമായും പുലർച്ച മൂന്നിന് തുടങ്ങുന്ന വെടിക്കെട്ടിനെക്കുറിച്ചാണ് ചർച്ച ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) പ്രതിനിധികളുമായി കലക്ടർ ഇക്കാര്യം ചർച്ച ചെയ്തു.
കുഴികളിൽ അതിനകം നിറച്ച വെടിമരുന്ന് പൊട്ടിച്ചുകളഞ്ഞ് മാത്രമേ നിർവീര്യമാക്കാനാകൂ എന്ന അഭിപ്രായമാണ് ഉയർന്നത്. ദേവസ്വം ഭാരവാഹികളും ഇതാണ് കലക്ടറെ അറിയിച്ചത്. നിറച്ച വെടിമരുന്ന് പുറത്തെടുക്കുേമ്പാൾ ഒരുപക്ഷേ, സ്ഫോടനമുണ്ടാകും. അത് വലിയ അപകടത്തിന് കാരണമാകും. അതിനാൽ, പൊട്ടിച്ചുകളയുകയെന്ന നിർദേശമാണ് ഉയർന്നത്.
തിരുവമ്പാടി വിഭാഗത്തിെൻറ വെടിമരുന്നിന് പുലർച്ച നാലരയോടെയും പാറമേക്കാവിേൻറതിന് അഞ്ചേകാലിന് ശേഷവുമാണ് തീ കൊളുത്തിയത്. 'നിർവീര്യമാക്കൽ' നഗരത്തെ പ്രകമ്പനം കൊള്ളിച്ചു.
പൂരം ചടങ്ങുകളിൽ ഒതുക്കിയാലും, കാണികളെ അകറ്റിനിർത്തിയാലും വെടിക്കെട്ട് കേമമായി നടത്താൻ ഒരുങ്ങിയിരുന്നുവെന്ന് നഗരത്തിൽ ഉണ്ടായിരുന്നവർക്ക് മനസ്സിലായി. ദുരന്തത്തെക്കുറിച്ചും വെടിക്കെട്ട് 'ഉപേക്ഷിച്ചതിനെ'ക്കുറിച്ചും അറിയാത്ത നഗരവാസികൾക്ക് നേരം വൈകിയ വെടിക്കെട്ടായാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.