മാള: പ്രദേശത്തെ ചരിത്രസ്മാരകങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ സംരക്ഷിക്കണമെന്ന ആവശ്യത്തിൽ ഇനിയും നടപടിയൊന്നുമില്ല. തിരുവിതാംകൂർ-കൊച്ചി അതിർത്തിയിലെ ചരിത്ര സ്മാരകങ്ങൾ പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യമാണ് പരിഗണിക്കപ്പെടാത്തത്. പുത്തന്‍ചിറ പഞ്ചായത്തിലെ കരിങ്ങോൾച്ചിറ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്നു.
നാട്ടുരാജ്യമായിരുന്ന കൊച്ചിയുടെ ഭാഗമായിരുന്ന പുത്തൻച്ചിറ പ്രദേശം കൊച്ചി രാജാവിൽനിന്ന് തിരുവിതാംകൂറിന് പരിതോഷികമായി ലഭിച്ചതാണെന്ന് പറയപെടുന്നു. 1811ൽ മുനമ്പം പൊലീസ് സ്റ്റേഷന്റെ കീഴിൽ നിലവിൽ വന്നതെന്ന് കരുതുന്ന പുത്തൻചിറ കരിങ്ങോൾചിറ പൊലീസ് ഔട്ട് പോസ്റ്റിന്റെ സംരക്ഷണം എങ്ങുമെത്തിയില്ല. കൊച്ചി രാജ്യത്തിൽ നിന്നുള്ള നികുതിവെട്ടിപ്പ് തടയുക, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പിടികൂടുക തുടങ്ങിവക്ക് ഇത് ഉപയോഗിച്ചിരുന്നതായി പഴമക്കാർ പറയുന്നു. കുറ്റവാളികളെ പാർപ്പിക്കാൻ ഒരു ലോക്കപ്പും ഈ കെട്ടിടത്തിൽ ഉണ്ട്. ചരക്കുമായി യാത്ര ചെയ്യുന്ന കച്ചവടക്കാരുടെ ചുമട് ഇറക്കിവെക്കാൻ ചുമടുതാങ്ങി എന്ന അത്താണിയും ഇവിടെ കാണാം. കൊച്ചിയുടെയും തിരുവിതാംകൂറിനെയും അതിർത്തി കാണിക്കുന്ന കൊതിക്കല്ലുകൾ ഈ പ്രദേശങ്ങളിൽ വ്യാപകമായുണ്ട്. വൈദ്യുതി ഇല്ലാതിരുന്നതിനാൽ ഉപയോഗിച്ചിരുന്ന വഴിവിളക്കുകളും ഉണ്ട്. തിരുവിതാംകൂർ തപാൽ സംവിധാനത്തിന്റെ ഭാഗമായ അഞ്ചൽപ്പെട്ടി ഇവിടെ സംരക്ഷിച്ചു വരുന്നുണ്ട്.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട പൊലീസ് സ്റ്റേഷനു പിറകിൽ ക്വാർട്ടേഴ്സ് ഉണ്ടായിരുന്നെങ്കിലും തകർന്നു പോയി. അതേ സമയം പൊലീസ് ആസ്ഥാനം സംരക്ഷണ സംവിധാനങ്ങളില്ലാതെ ഇന്നും നിലനിൽക്കുകയാണ്. കാലപ്പഴക്കത്താല്‍ നാശോന്മുഖമായിരുന്ന സ്റ്റേഷൻ നേരത്തേ പുത്തൻചിറ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ ചിലവ് ചെയ്ത് അറ്റകുറ്റപണികൾ നടത്തിയിരുന്നു. കരിങ്ങാൾച്ചിറ ചരക്ക് ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായിരുന്നതായും രേഖപെടുത്തിയിട്ടുണ്ട്. ചുങ്കം പിരിക്കുന്ന ചൗക്കയും ഇവിടെ നിലനിന്നിരുന്നു. കനോലി കനാലിൽ നിന്നും വരുന്ന കെട്ടുവള്ളങ്ങൾ നെയ്തക്കുടി ചുങ്കം തോടു വഴി കരിങ്ങാൾച്ചിറയിൽ വന്നിരുന്നു. രാവും പകലും തിരക്കു നിറഞ്ഞ പ്രദേശമായിരുന്നു ഇത്.
കൊച്ചിയെയും തിരുവിതാംകൂറിനെയും വേർതിരിക്കാൻ കൊച്ചിയുടെ ആദ്യാക്ഷരവും തിരുവിതാംകൂറിന്റെ ആദ്യാക്ഷരവും കൊത്തിയ കല്ലുകൾ അതിർത്തികളിൽ സ്ഥാപിച്ചിരുന്നു. തിരുവിതാംകൂറിൽ പല അഞ്ചൽ പെട്ടികളുണ്ടായിരുന്നെങ്കിലും ചരിത്ര സ്മാരകമായി അവശേഷിക്കുന്നത് ഇതു മാത്രമാണ്. ചരിത്ര വിദ്യാർഥികൾ ഇവിടം പഠനവിധേയമാക്കുവാൻ എത്തിച്ചേരാറുണ്ട്.
പിന്നീട് മാളയും പുത്തൻചിറയും അടക്കുള്ള പ്രദേശങ്ങൾ തിരുവിതാംകൂർ കൊച്ചിയെന്നറിയപ്പെടുന്ന സംസ്ഥാനത്തിന്റെ ഭാഗമായി. പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ സാധ്യതകളെ കുറിച്ച് വി.ആർ. സുനിൽ കുമാർ എം.എൽ.എ വിനോദ സഞ്ചാര വകുപ്പുമായി ചർച്ച നടത്തിയിരുന്നു. വകുപ്പ് അധികൃതർ പ്രദേശം സന്ദർശിക്കുകയും ചെയ്തു. ചരിത്ര സ്മാരകങ്ങൾ നിൽക്കുന്ന പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി ചുറ്റുമതിൽ നിർമിച്ച് ചരിത്ര സ്മാരകങ്ങൾ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പുരാവസ്തു വകുപ്പ് വകുപ്പ് മന്ത്രി എന്നിവർക്ക് എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.