ആമ്പല്ലൂര്‍: ചിമ്മിനി എച്ചിപ്പാറയില്‍ ഭീതി പരത്തി മലവെള്ളപ്പാച്ചില്‍. ഉരുള്‍പ്പൊട്ടലെന്ന് അഭ്യൂഹം പരന്നത് ആശങ്കക്കിടയാക്കി. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കാട്ടില്‍നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം എച്ചിപ്പാറ ട്രൈബല്‍ സ്കൂളിന് സമീപത്തെ ചെറിയ പാലവും കവിഞ്ഞ് ഒഴുകിയതോടെ നാട്ടുകാര്‍ ആശങ്കയിലായി. 2018ലെ പ്രളയകാലത്ത് മാത്രമാണ് പാലം കവിഞ്ഞ് ഇവിടെ വെള്ളമെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടും ഇത്രയും നീരൊഴുക്ക് അനുഭവപ്പെടാത്തതും നാട്ടുകാരുടെ സംശയം ബലപ്പെടുത്തി. തുടര്‍ന്ന് വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് താഴ്ഭാഗത്തെ വീടുകളില്‍നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. നാലരയോടെ ആരംഭിച്ച മഴ വൈകീട്ട് ആറരയോടെ ശമിച്ചു. തുടര്‍ന്ന് ചിമ്മിനി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ വി. അജയ്കുമാറിെൻറ നേതൃത്വത്തില്‍ എച്ചിപ്പാറ ആദിവാസി കോളനിയിലും വനമേഖലയിലും പരിശോധന നടത്തി ഉരുള്‍പ്പൊട്ടൽ അല്ലെന്ന് സ്ഥിരീകരിച്ചു. വൈകീട്ട് ആറരയോടെ വെള്ളമിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.
ക്യാമ്പുകളിൽ തുടരാൻ നിർദേശം
തൃശൂർ: കേരളത്തിൽ അതിതീവ്രമഴക്ക് സാധ്യത പ്രഖ്യാപിക്കുകയും മലയോര മേഖലകളിൽ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിലവിൽ ജില്ലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ അവിടം വിട്ട് പോകരുതെന്ന് കലക്ടർ ഹരിത വി. കുമാർ അഭ്യർഥിച്ചു. മഴ ഒരുദിവസം മാറിനിന്ന സാഹചര്യത്തിൽ ചില ക്യാമ്പുകളിൽനിന്ന് താമസക്കാർ തിരികെ വീടുകളിലേക്ക് പോകാനുള്ള പ്രവണതയെ തുടർന്നാണ് കലക്ടറുടെ അഭ്യർഥന. കലക്ടറുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തൃപ്തികരമായ രീതിയിലാണ് ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ ആളുകൾ സുരക്ഷയെ മാനിച്ച് ക്യാമ്പുകളിലേക്ക് താമസം മാറാൻ തയാറാകണം. അപകടഭീഷണി നിലനിൽക്കുന്ന തലപ്പിള്ളി താലൂക്കിൽ ഇങ്ങനെ വരുന്നവരെ സ്വീകരിക്കാൻ അഞ്ച് ക്യാമ്പുകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
ഷോളയാർ ഡാം അടച്ചു
അതിരപ്പിള്ളി: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് കേരള ഷോളയാർ ഡാം അടച്ചു. തിങ്കളാഴ്ച ഉച്ചയോടെ തുറന്ന ഡാം ബുധനാഴ്ച രാവിലെ എട്ടോടെയാണ് അടച്ചത്. ശക്തമായ മഴയുടെ സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അധികജലം പുറത്തുവിടാൻ ഒരടിയോളമാണ് തുറന്നത്. മഴ ദുർബലമായതോടെ ചൊവ്വാഴ്ച ഷട്ടർ അരയടി താഴ്ത്തി. അപ്പർ ഷോളയാറിൽനിന്ന് ഇവിടേക്ക് വെള്ളം എത്തുന്നില്ല. അതേസമയം, ഡാം അടച്ചതിന് പിന്നാലെ വനമേഖലയിൽ മഴ വീണ്ടും ശക്തമായി. അതിരപ്പിള്ളിയിൽ കനത്ത മഴ പെയ്തതിനാൽ പുഴയിൽ വെള്ളം നാലടിയോളം പൊടുന്നനെ ഉയർന്നു. അടിയന്തര സാഹചര്യമുണ്ടായാൽ ഷോളയാർ ഡാം വീണ്ടും തുറന്നേക്കും.
വനമേഖലയിൽ രണ്ടു ദിവസമായി മഴ കുറഞ്ഞതിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ അനുവദിച്ചിരുന്നു. പുഴയിൽ ജലനിരപ്പ് അപകടകരമായി ഉയർന്നാൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം എർപ്പെടുത്തും. നിലവിൽ മലക്കപ്പാറ മേഖലയിൽ സന്ദർശകർക്കുള്ള നിയന്ത്രണം തുടരുകയാണ്. പറമ്പിക്കുളത്തു നിന്നും സെക്കൻറിൽ 6000 ഘനയടി വെള്ളം വൈകിട്ട് തുറന്നു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.