പുന്നയൂർക്കുളം: സദാ വായനയിൽ മുഴുകി, എഴുത്തിന് സമർപ്പിച്ച ജീവിതമാണ് പുന്നയൂർക്കുളം ആറ്റുപുറം ഹക്കീം വെളിയത്തിന്റേത്. ഒമ്പതാം ക്ലാസ് മുതൽ എഴുത്തിന്റെ ലോകത്ത് സജീവമായ ഹക്കീം അക്കാലം തൊട്ടേ ഗൗരവമുള്ള വായന പതിവാക്കിയിരുന്നു. മാനങ്ങൾ മാറിയെങ്കിലും വായന മരിക്കുന്നില്ലെന്നാണ് ഹക്കീമിന്റെ പ്രമാണം. മുട്ടത്ത് വർക്കിയുടെ ‘ഒരു കുടയും കുഞ്ഞു പെങ്ങളും’ ആണ് ആദ്യം വായിച്ച പുസ്തകം.
പെരുമ്പടപ്പ് കെ.എം.എം ഇംഗ്ലീഷ് സ്കൂളിൽ ലൈബ്രേറിയനാണ് ഹക്കീം. അതുകൊണ്ടുതന്നെ പുസ്തക വായനക്ക് ഏറെ അലയേണ്ടിയും വരുന്നില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹക്കീം ‘എന്റെ ദുഃഖം’ എന്ന പേരിൽ ആദ്യ കവിത എഴുതുന്നത്. കവിത രചനയിൽ നന്നായി ശ്രദ്ധിക്കണമെന്ന് അധ്യാപകൻ കരിപ്പൂർ സഈദിന്റെ ഉപദേശം പ്രേരണയായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എഴുതിയ കവിത കോഴിക്കോട് ആകാശവാണി പ്രക്ഷേപണം ചെയ്തു.
ഇക്കാലത്താണ് ഹക്കീമിന്റെ ആദ്യ കവിതസമാഹാരമായ ‘സപ്ത സമ്മാനം’ പുറത്തിറങ്ങിയത്. പിന്നീട് എഴുതിയ ചുട്ടക്ഷരങ്ങൾ, വേദനയുടെ നോട്ട് പുസ്തകം, മദീനയുടെ മന്ദഹാസം, മനസ്സിൽ മഴ പെയ്യുമ്പോൾ, സ്മയിൽ ഓഫ് മദീന (കവിത), ചിയ്യാമു മുസ്ലിയാർ പെരുമ, മലാല മനോബലത്തിന്റെ മന്ത്രാക്ഷരം, പുത്തൻപള്ളി ശൈഖ്, പുണ്യത്തിന്റെ പൂനിലാവ് (ജീവചരിത്രം), കേരള പഠന സഹായി, കേരള സമഗ്ര വിജ്ഞാനം, വന്നേരിയുടെ നേർവഴി, കൃഷിപാഠം (പഠനം), മഞ്ചാടിമണികൾ (ബാലസാഹിത്യം), നിഴൽ നീട്ടിയ പാഥേയം (നോവൽ) എന്നിവയും പ്രസിദ്ധീകരിച്ചു. കവിതക്ക് പുറമെ ഗാനങ്ങളും ഗസലുകളും എഴുതാറുണ്ട്.
മാപ്പിള ഗാനങ്ങൾ കാസറ്റുകളായും പുറത്തിറങ്ങിയിട്ടുണ്ട്. ‘അസർ മുല്ലക്കൊരു പ്രണയഗീതം’ എന്ന പേരിലുള്ള കവിതകൾ ആലപിച്ചത് കവി മുരുകൻ കാട്ടാക്കടയാണ്. കുഞ്ഞുണ്ണി മാഷുമായി ഹൃദയബന്ധമായിരുന്നു. ഡോ. സുകുമാർ അഴീക്കോട്, പ്രഫ. എം.എൻ. വിജയൻ തുടങ്ങിയവർ ഹക്കീമിന്റെ കവിതസമാഹാരത്തിന് അവതാരിക എഴുതിയിട്ടുണ്ട്.
എഴുത്തിന് ഏകാന്തതയെക്കാൾ ഏകാഗ്രതയാണ് ആവശ്യമെന്ന് കരുതുന്ന ഹക്കീം വെളിയത്തിനെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഷഫീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഹുബൈൽ, ഹന്ന ഹക്കീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.