കിഴുപ്പിള്ളിക്കര: കാൽപ്പന്തുകൊണ്ട് മായാജാലം തീർക്കുന്ന ഏഴാം ക്ലാസുകാരി റിഫ ഷംസുദ്ദീൻ സംസ്ഥാന സ്കൂൾ കായിക മേളയിൽ ബൂട്ടണിയാൻ ഒരുങ്ങുന്നു. ഫുട്ബാളിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ജില്ല ടീമിനു വേണ്ടിയാണ് കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ വിദ്യാർഥിയായ റിഫ കളത്തിൽ ഇറങ്ങുന്നത്.
കാട്ടൂർ മുനയം വലിയകത്ത് ഷംസുദ്ദീൻ-താഹിറ ദമ്പതികളുടെ മകളാണ്. ചെറുപ്പം മുതലേ ഫുട്ബാളിൽ തൽപരയാണ്. ടി.വിയിലും മറ്റും കണ്ട് മെസിയുടെ പാസ് വിസ്മയം കണ്ടാണ് ഫുട്ബാളിൽ കമ്പം തോന്നിയത്. ആവശ്യപ്രകാരം രക്ഷിതാക്കൾ പന്ത് വാങ്ങിക്കൊടുത്തു.
പഠനം കഴിഞ്ഞാൽ സദാ സമയവും പന്തിലാണ് അഭ്യാസം. പതിയെ ബൂട്ട് ധരിച്ചും തനിയെ പരിശീലനം നേടി. സഹോദരങ്ങളായ റിയാസ്, ഫഹദ് എന്നിവർക്കൊപ്പം വീടിന് മുറ്റത്തും സമീപത്തെ മൈതാനത്തും പറമ്പിലും പോയി കളിക്കും. തുടർന്ന് കരാഞ്ചിറ സെന്റ്സേവിയേഴ്സ് സ്കൂളിൽ ചേരുകയായിരുന്നു. അധ്യാപകരുടെയും കായിക പരിശീലകരായ ശ്യാം , ജോഫിൻഎന്നിവരുടെയും പ്രോത്സാഹനത്തിൽ സ്കൂളിലെ ഗ്രൗണ്ടിൽ പരിശീലനം നേടി. പിന്നീട് സെൻറ് സേവിയേഴ്സ് സ്കൂളിനു വേണ്ടിയും തുടർന്ന് ഉപജില്ല മത്സരത്തിലും റവന്യൂ മത്സരത്തിലും വിജയിച്ചു. കളിയിലെ മികവ് മൂലം ഇപ്പോൾ ജില്ല ടീമിലും ഇടം തേടി കളിക്കാൻ ഇറങ്ങുകയാണ് .
കളികളത്തിൽ ഫോർവേഡ് ആയാണ് ഇറങ്ങുക. നിരവധി ഗോളുകൾ അടിച്ച് കൈയടി നേടിയിട്ടുണ്ട്. പെരുന്നാൾ പുതുവസ്ത്രത്തിനു പകരം ബൂട്ടാണ് ആവശ്യപ്പെട്ടതെന്നും അത് ധരിച്ചാണ് പരിശീലനമെന്നും ഉമ്മ താഹിറ പറഞ്ഞു. ഓണപരീക്ഷ കഴിഞ്ഞാൽ ജില്ല ടീമിനൊപ്പം റിഫ പരിശീലനത്തിന് പോകും. ഖോഖോ കളിയിലും കബഡിയിലും കായിക ഇനങ്ങളിലും മാത്രമല്ല പഠന രംഗത്തും റിഫ ഏറെ മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.