വാടാനപ്പള്ളി: തളിക്കുളം ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽ ഫിഷ് ലാൻഡിങ് സെന്ററും പൊലീസ് ടൂറിസം അസിസ്റ്റൻസ് സെന്ററും നിലം പൊത്താറായി. 20 മീറ്ററോളം കര കടലെടുത്തു. തിരയടിച്ച് വിള്ളൽ രൂപപ്പെട്ട് ഇരു കെട്ടിടവും വീഴാവുന്ന അവസ്ഥയാണ്. തൊട്ടടുത്ത സ്നേഹതീരം പാർക്കും കടലാക്രമണ ഭീഷണിയിലാണ്.
തീരപ്രദേശത്തെ രൂക്ഷമായ കടൽക്ഷോഭം സംസ്ഥാന സർക്കാറും ഡിപ്പാർട്മെന്റുകളും കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയിൽ തീരമേഖലയിൽ പലയിടത്തും കടൽ കയറ്റവും സ്വത്ത് വകകൾ നഷ്ടപ്പെടുന്നതും തുടർകഥയാവുകയാണ്.
തളിക്കുളത്ത് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഏകദേശം അരകിലോമീറ്റർ സ്ഥലം കടൽ കയറി നഷ്ടമായി. ഒരുവിധത്തിലുള്ള സഹായമോ സംരക്ഷണമോ ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. തമ്പാൻകടവ് പ്രദേശങ്ങളിൽ തെങ്ങുകൾ പലതും ഒലിച്ചുപോയി. ചേറ്റുവ ഹാർബറിന്റെ തെക്ക് ഭാഗത്തും കര കടൽ കവർന്നു. കടലാക്രമണം തടയാൻ പുലിമുട്ട് നിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വാഗ്ദാനങ്ങൾ മാത്രമാക്കാതെ തീരദേശത്തെ സംരക്ഷിക്കാനുള്ള നടപടി എത്രയുംവേഗം നടപ്പാക്കണമെന്ന് കടൽക്ഷോഭ സ്ഥലങ്ങൾ സന്ദർശിച്ച അഖിലകേരള ധീവരസഭ തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ ആശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് ഇന്ധന സബ്സിഡി നൽകി തൊഴിലിനെ സംരക്ഷിക്കുകയും വേണം. തൃശൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിതം മുഖ്യമന്ത്രിയേയും ഫിഷറീസ് മന്ത്രിയേയും അറിയിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെടാനും ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു.
ധീവരസഭ സംസ്ഥാന വൈ. പ്രസി. പി.വി. ജനാർദനൻ, സെക്ര. ജോഷി ബ്ലാങ്ങാട്ട്, ജില്ല പ്രസി. കെ.വി. തമ്പി, സെക്ര. ടി.വി. ശ്രീജിത്ത്, ട്രഷ. വെങ്കിടേഷ് ആറുക്കെട്ടി, വൈ. പ്രസി. ദിവാകരൻ കുറുപ്പത്ത്, ജോ. സെക്ര. ശകുന്തള കൃഷ്ണൻ, കരയോഗം പ്രസിഡന്റുമാരായ കെ.ജി. ഗോപി, കെ.ടി. കുട്ടൻ, ഉണ്ണികൃഷ്ണൻ തമ്പാംകടവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.