തളിക്കുളം: കടലും കരയും കൈകോർക്കുന്ന പ്രകൃതി രമണീയമായ തളിക്കുളം ബീച്ചിലേക്കും സ്നേഹതീരം പാർക്കിലേക്കും ജനപ്രവാഹം. ദിവസവും ടൂറിസ്റ്റുകളടക്കം നിരവധി പേരാണ് ബീച്ചിൽ എത്തുന്നത്. കടലാക്രമണത്തെ തടയാൻ ഉറപ്പുള്ള കടൽ ഭിത്തിയും കുട്ടികൾക്കായുള്ള കളിയൂഞ്ഞാലോടെ മനോഹരമായ പാർക്കും കെട്ടിടവും ഇരിപ്പിടവും നിർമിച്ചാണ് ജില്ല ടൂറിസം പ്രെമോഷൻ കൗൺസിൽ 2007ൽ സ്നേഹതീരം ബീച്ചിൽ പാർക്ക് നിർമിച്ചത്. അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു പാർക്ക് ഉദ്ഘാടനം ചെയ്തത്. പാർക്കും മനോഹരമായ കടലും ഇറങ്ങി കുളിക്കാൻ സൗകര്യവും ഏറിയതോടെ സന്ദർശകരുടെ തിരക്കേറി. പാർക്ക് മതിൽ കെട്ടി സംരക്ഷിച്ചു. ഊഞ്ഞാലടക്കം വിവിധ കളി ഉപകരണങ്ങൾ സ്ഥാപിച്ചതോടെ കുട്ടികളുമായാണ് കുടുംബം ബീച്ചിൽ എത്തുന്നത്.
പാർക്കിൽ വലിയ മത്സ്യങ്ങളേയും വളർത്തി പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ബോട്ട് സർവിസും ആരംഭിച്ചിട്ടുണ്ട്. കടലിൽ ഇറങ്ങുന്നവരുടെ സുരക്ഷക്കായി നാല് ലൈഫ് ഗാർഡുകളേയും സജമാക്കി. വിദേശികളടക്കം ഇവിടെ സന്ദർശകരാണിപ്പോൾ.
ശനി, ഞായർ ദിവസങ്ങളിലും മുടക്ക് ദിവസങ്ങളിലും ബീച്ചിൽ ജനപ്രവാഹമാകും. ഇതു മൂലം ഗതാഗത തടസ്സവും പതിവാണ്. പാർക്കിലേക്ക് കുട്ടികൾക്ക് അഞ്ച് രൂപയും മുതിർന്നവർക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. പാർക്കിന് സമീപം സ്വകാര്യ വ്യക്തികളുടെ ഐസ്ക്രീം പാർലറും ചായക്കടകളും നിറഞ്ഞു. സി.സി. മുകുന്ദൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 60 ലക്ഷം രൂപയടക്കം 1.20 കോടി രൂപയുടെ വികസന പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്ന് മാനേജർ എ.ടി. നേന പറഞ്ഞു. ആധുനീക രീതിയിലുള്ള കളി ഉപകരണങ്ങൾ സ്ഥാപിക്കാനും ഫുഡ് സ്ട്രീറ്റ് പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനമുണ്ടെന്ന് സി.സി. മുകുന്ദൻ എം.എൽ.എയുടെ ഓഫിസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.