തൃശൂർ: കനത്ത വേനൽചൂടിൽനിന്ന് രക്ഷ ആഗ്രഹിച്ചവർക്ക് മഴയെത്തിയപ്പോഴൂം ആശങ്ക തന്നെ. വേനൽ മഴക്ക് അകമ്പടിയായി എത്തിയ കാറ്റും മിന്നലുമാണ് കർഷകരുടെയടക്കം ഉറക്കം കെടുത്തുന്നത്. വേനലിൽ പെയ്ത ആദ്യമഴ മുതൽതന്നെ ജില്ലയുടെ പലഭാഗങ്ങളിലും ശക്തമായ കാറ്റാണ് വീശുന്നത്. വേനൽ ചൂടിൽ കരിഞ്ഞുണങ്ങിയാണ് കൃഷി നശിച്ചതെങ്കിൽ കാറ്റിൽ വാഴയും റബറുമെല്ലാം ഒടിഞ്ഞുവീഴുകയാണ്. ഇതിനൊപ്പം മലയോര മേഖലയിലെ തുടരുന്ന വന്യമൃഗ ശല്യവും കാരണം മഴക്കാലം കർഷകരുടെ ജീവിതം കൂടുതൽ വിഷമകരമാക്കുമെന്ന ആശങ്കയുണ്ട്.
ജില്ലയിൽ പല മേഖലയിലും വാഴകൃഷി ധാരാളമുണ്ട്. ഓണക്കാലമടക്കം ലക്ഷ്യമിട്ടാണ് പലരും കൃഷി ചെയ്തിട്ടുള്ളത്. കാറ്റും തുടർച്ചയായി കനത്ത മഴ പെയ്താൽ ഉണ്ടാകാവുന്ന വെള്ളക്കെട്ടും തിരിച്ചടിയാകരുതെന്ന പ്രാർഥനയിലാണ് കർഷകർ.
കഴിഞ്ഞ ദിവസം മഴക്കൊപ്പം ഉണ്ടായ മിന്നൽചുഴലിയിൽ ജില്ലയിലെ കള്ളായി, തെക്കുംപാടം, മഞ്ഞക്കുന്ന് ഭാഗങ്ങളിലായി ആയിരത്തോളം വാഴകളാണ് ഒടിഞ്ഞുവീണത്. കുലച്ച വാഴകളാണ് അധികവും നശിച്ചത്. ഏതാനും തെങ്ങുകളും മറിഞ്ഞുവീണു. മലയോര മേഖലയിൽ ആദ്യ വേനൽ മഴയിൽ നിരവധി റബർ മരങ്ങൾ ഒടിഞ്ഞിരുന്നു. കാറ്റിൽ ജാതിമരങ്ങൾ ഒടിയുന്നതിനൊപ്പം കായകൾ താഴെ വീണ് പോകുന്നുണ്ടെന്നും കർഷകർ പറയുന്നു.
കാറ്റിലും മഴയിലും ഉണ്ടാകുന്ന കൃഷിനാശം ഉദ്യോഗസ്ഥർ വിലയിരുത്താറുണ്ടെങ്കിലും ആനുപാതിക നഷ്ടപരിഹാരം പലപ്പോഴും ലഭിക്കാറില്ല. വിള ഇൻഷുറൻസ് ഉള്ളവർക്കും നഷ്ടപരിഹാരം നാമമാത്രമായാണ് ലഭിക്കാറുള്ളത്. വേനൽ മഴയിൽ തന്നെ കൃഷിനാശം വ്യാപകമായതോടെ കാലവർഷം കനത്താൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.