തൃശൂർ: എം.ഡി.എം.എ തൂക്കിവിറ്റ കേസിൽ ബംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോൾ രാത്രി ഹൊസൂരിലെ ലോഡ്ജിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിലായി. തൃശൂർ മനക്കൊടി ചെറുവത്തൂർ വീട്ടിൽ ആൽവിനാണ് (21) അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകീട്ട് പൊന്നാനി ബസ് സ്റ്റാൻഡിനടുത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് നെടുപുഴ പൊലീസ് അറിയിച്ചു.
കഴിഞ്ഞ 29നാണ് പ്രതി പൊലീസുകാർക്കൊപ്പം കിടന്നുറങ്ങിയ മുറിയിൽനിന്ന് രക്ഷപ്പെട്ടത്. ആൽവിന്റെ കാലിൽ വിലങ്ങിട്ട് കട്ടിലുമായി ബന്ധിച്ചാണ് പൊലീസുകാർ ഉറങ്ങിയത്. രാത്രി പൊലീസുകാർ അറിയാതെ വിലങ്ങ് കട്ടിലിൽനിന്ന് ഊരിയെടുത്ത് വാതിൽ തുറന്ന് പുറത്തുവന്ന് മൂന്നാം നിലയിൽനിന്ന് പൈപ്പ് വഴി താഴെയിറങ്ങി. മതിൽ ചാടി പുറത്തുകടന്ന് അടുത്തുള്ള ഒരു കോളനിയിലെത്തി ഒന്നര മണിക്കൂറോളം ഒളിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതി രക്ഷപ്പെട്ടതറിഞ്ഞ് പൊലീസ് പട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തമിഴ്നാട് പൊലീസിനെ അറിയിക്കുകയും നാട്ടുകാരുൾപ്പെടെ ചേർന്ന് തിരയുകയും ചെയ്തു. ഇതിനിടെ പ്രതി അതുവഴി വന്ന ഒരു ബൈക്കിൽ കയറി കെ.ആർ പുരത്തെത്തി. ബൈക്കപകടത്തിൽ കൈയിന് പരിക്കേറ്റതാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നടത്തിയശേഷം അടുത്തുള്ള കടയിൽചെന്ന് ഫോൺ വാങ്ങി അമ്മയുടെ സഹോദരിയുടെ മകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഗോഡ്വിൻ എന്നയാളെ വിളിച്ച് രക്ഷപ്പെട്ട വിവരം അറിയിച്ചു. താൻ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും അയച്ചുകൊടുത്തു. ഗോഡ്വിന്റെ സഹോദരൻ ആൽവിന് 500 രൂപ അയച്ചുകൊടുത്തു.
ഗോഡ്വിനും സഹോദരൻ സാവിയോയും ആൽവിന്റെ ജ്യേഷ്ഠൻ ആഞ്ചലോസും ബൈക്കിലും കാറിലുമായി ബംഗളൂരിലേക്ക് തിരിച്ചു. രാത്രി ഒമ്പതോടെ ബംഗളൂരുവിൽ എത്തി കാലിലെ വിലങ്ങ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി ബൈക്കിൽ കൊണ്ടുപോയി. തുടർന്ന് കേരളത്തിലെത്തി തളിക്കുളം, മുറ്റിച്ചൂർ, കോഴിക്കോട്, പൊന്നാനി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലഹരി വിൽപനക്കാരനായ ആൽവിനെ കുടുംബാംഗങ്ങൾ തന്നെയാണ് ഇക്കാര്യത്തിൽ സഹായിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ വിദ്യാർഥിയായിരുന്ന കാലം മുതൽ ലഹരി ഉപയോഗവും വിൽപനയുമുണ്ട്. സ്കൂളിൽ കബഡി താരമായിരുന്നതിനാൽ ജില്ലതലത്തിലും സംസ്ഥാനതലത്തിലും ഉണ്ടായിരുന്ന ബന്ധമുപയോഗിച്ച് ലഹരി വിൽപന വ്യാപകമാക്കിയിരുന്നു.
ഏഴുമാസം മുമ്പ് ബംഗളൂരുവിൽ പോയി അവിടെ ഒരു സ്വാശ്രയ വിദ്യാലയത്തിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് ചേർന്നുവെന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. അമ്മയും സഹോദരന്മാരും ആൽവിൻ ലഹരി വിൽക്കുന്ന വിവരം അറിഞ്ഞിരുന്നു.
ലോറി ഡ്രൈവറായ സഹോദരൻ ലഹരി കടത്തിക്കൊണ്ടുവരാൻ സഹായിച്ചിരുന്നുവെന്നും കൂട്ടുപ്രതികൾക്കെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മറ്റൊരു ഒരു ജോലിയുമില്ലാത്ത ആൽവിന് 14 ലക്ഷം രൂപ വിലയുള്ള കാറും ഇരുചക്ര വാഹനങ്ങളും ആഡംബര വസ്തുക്കളുടെ വിപുലമായ ശേഖരവും ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇതെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. മുമ്പ് വീടില്ലാതിരുന്ന ആൽവിന്റെ കുടുംബത്തിനെ പലരും സഹായിച്ചാണ് വീടുവെച്ച് നൽകിയതത്രേ. ബംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥിനിയുമായി ആൽവിൻ അടുപ്പത്തിലായിരുന്നു.
ഇവരുമായി ഇടക്കിടെ ബന്ധപ്പെട്ടിരുന്നു. ഈ വിദ്യാർഥിനിക്കും ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ശേഷം ഈ വിദ്യാർഥിനിയെയും ആൽവിൻ വിളിച്ചതായി മനസ്സിലായിട്ടുണ്ട്.
ആൽവിനൊപ്പം എം.ഡി.എം.എ തൂക്കിവിൽപന നടത്തിയിരുന്ന കേസിൽ അറസ്റ്റിലായ 18 വയസ്സുകാരായ മൂന്നുപേർ റിമാൻഡിൽ കഴിയുകയാണ്. അന്ന് രക്ഷപ്പെട്ട ആൽവിനെ പിന്നീട് പിടികൂടി തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.