പഴഞ്ഞി: ഗ്രാമത്തിലെ ആദ്യകാല അധ്യാപകരായ ജോബ് സൈമനും ഭാര്യ ഷീലയും അധ്യാപക ദിനത്തിൽ നൽകുന്ന നല്ല പാoങ്ങൾ സമൂഹത്തിന് പ്രചോദനമാകുന്നു. മൂന്നര പതിറ്റാണ്ടോളം അധ്യാപക ജീവിതത്തിൽ മാതൃകയായി പ്രവർത്തിച്ചവരാണ് ഇരുവരും. നവതിയിലേക്ക് പ്രവേശിച്ച പഴഞ്ഞി കിഴക്കെഅങ്ങാടി പുലിക്കോട്ടിൽ ജോബ് സൈമനും സഹധർമ്മിണി ഷീലയും ആദ്യകാല ഓർമകൾ പങ്കുവെക്കുമ്പോൾ ഏറെ സന്തോഷമാണ്. 1960കളിൽ അധ്യാപക ജീവിതത്തിലേക്ക് പ്രവേശിച്ച ജോബ് ആലത്തൂർ സ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്.
പഴഞ്ഞി, വരവൂർ, മരത്തംകോട്, കുന്നംകുളം ബോയ്സ്, കൊച്ചന്നൂർ സ്കൂളുകളിൽ നീണ്ട സേവനത്തിന് ശേഷം 1990ൽ കണ്ണൂർ ചെറുകുന്ന് ഗവ. സ്കൂളിൽ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു. ഷീല 1965ൽ എറണാകുളം നായരമ്പലം സ്കൂളിൽനിന്ന് അധ്യാപികയായി സേവനം തുടങ്ങി. 1967 വിവാഹം കഴിച്ച് പഴഞ്ഞിയിലെത്തി. പിന്നീട് ചാലക്കുടി, വരവൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം ഗേൾസ് എന്നീ സ്കൂൾ സേവനത്തിന് ശേഷം മലപ്പുറം മക്കരപ്പറമ്പ് ഗവ. സ്കൂളിൽ പ്രധാനാധ്യാപികയായി. തുടർന്ന് 1998ൽ മരത്തംകോട് ഗവ. സ്കൂളിൽ നിന്ന് വിരമിച്ചു. വിവാഹശേഷം ഇരുവരും 1967 മുതൽ വരവൂർ ഗവ. സ്കൂളിൽ അഞ്ചുവർഷം ഒന്നിച്ച് ജോലി ചെയ്തതും ഏറെ സ്മരണകൾ ഉയർത്തുന്നതായിരുന്നുവെന്ന് ഇവർ പറയുന്നു.
പഠിപ്പിച്ച എല്ലാ സ്കൂളുകളിലും സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾ എളുപ്പമാക്കാൻ ശ്രമിച്ചിരുന്ന അധ്യാപകർ ക്ലാസ് മുറികളിൽ പഠനകാര്യങ്ങളിൽ ഏറെ ശ്രദ്ധിച്ചിരുന്നു. പ്രായത്തിന്റെ വിഷമതകൾക്കിടയിലും ഒഴിവുസമയങ്ങൾ വായനയിൽ മുഴുകുകയാണ് ഇവർ. വിദ്യാർഥികളെ സ്നേഹത്തോടെ ചേർത്ത്പിടിച്ച ഇവർക്ക് പഴഞ്ഞി, കുന്നംകുളം, മരത്തംകോട് പ്രദേശങ്ങളിലായി നിരവധിയായ ശിഷ്യഗണ്യങ്ങളുണ്ട്. പഴഞ്ഞിയിലെ കുടുംബവീട്ടിൽ മൂത്തമകൻ ഗീവറിന്റെ കുടുംബത്തോടൊപ്പമാണ് താമസം. രണ്ടാമത്തെ മകൻ സാമിന്റെ ഭാര്യ അധ്യാപക പാതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.