ഗുരുവായൂർ: ഒരുകാലത്ത് എല്ലാ ഗായകരും യേശുദാസിനെ അനുകരിച്ച് പാടിയിരുന്നപ്പോൾ, അതിൽനിന്ന് വേറിട്ട് ഒറ്റമരമായി നിലകൊണ്ടയാളാണ് പി. ജയചന്ദ്രനെന്ന് സംവിധായകൻ കമൽ.
ജയചന്ദ്രന് ഗുരുവായൂർ ദൃശ്യ നൽകിയ ആദര ചടങ്ങ് ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമൽ. ‘ജയേട്ടന്റെ പാട്ടുകൾ കേട്ടുതുടങ്ങിയ കാലം മുതൽ അദ്ദേഹത്തെക്കൊണ്ട് സിനിമയിൽ പാടിക്കണമെന്ന് മോഹിച്ചിരുന്നു. അവസരം ഒത്തുവന്നത് നിറത്തിലാണ്.’ കമൽ പറഞ്ഞു.
തന്റെ സിനിമയിൽ അവസരം തരാത്തതിനെക്കുറിച്ച് മലയാളത്തിൽ പാട്ടുകൾ കുറഞ്ഞ കാലത്ത് ജയചന്ദ്രൻ തന്നോട് പരിഭവപ്പെട്ടിട്ടുണ്ടെന്നും കമൽ പറഞ്ഞു. ഒടുവിൽ ജയചന്ദ്രന്റെ രണ്ടാം വരവിന് നിമിത്തമായ നിറത്തിലാണ് അവസരം നൽകാനായത്. ‘പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി....’ രാവിലെയാണ് റെക്കാഡിങ് നിശ്ചയിച്ചതെങ്കിലും ഓർക്കസ്ട്രേഷൻ പൂർത്തിയായപ്പോൾ വൈകി. രാവിലെ തൊട്ട് റെക്കോഡിങ് എപ്പോഴാണെന്നറിയാൻ ജയചന്ദ്രൻ വിളിച്ചിരുന്നു. ഒടുവിൽ രാത്രി 12നാണ് വിദ്യാസാഗർ ജയചന്ദ്രനെ പാടാൻ വിളിച്ചത്. രാത്രി ശബ്ദം മോശമാകുമെന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായിരുന്നു.
എന്നാൽ, പെട്ടെന്ന് തന്നെ അദ്ദേഹം പഠിച്ച് പാടിയെന്ന് കമൽ പറഞ്ഞു. 1978ൽ ബന്ധനത്തിലെ പാട്ടിന് സംസ്ഥാന അവാർഡ് ലഭിച്ച ശേഷം ജയചന്ദ്രന് പിന്നീട് സംസ്ഥാന പുരസ്കാരം ലഭിച്ചത് 1999 ലെ നിറത്തിലെ പാട്ടിനാണെന്നും കമൽ പറഞ്ഞു. തന്റെ പിതാവ് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കളിത്തോഴൻ’സിനിമയിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ച ജയചന്ദ്രന് ഉപഹാരം നൽകുന്നതിൽ സന്തോഷമുണ്ടെന് ഭാവഗീതി പുരസ്കാരം നൽകി മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ പറഞ്ഞു.
ജയചന്ദ്രൻ വിശ്രമത്തിലായതിനാൽ മകൻ ദിനനാഥാണ് പുരസ്കാരം സ്വീകരിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ദൃശ്യയുടെ ജീവനം ജീവകാരുണ്യ പദ്ധതിയുടെ മൂന്നാംഘട്ടം നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ് അധ്യക്ഷത വഹിച്ചു.
പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ കെ.പി.എ. റഷീദ്, ആർ. രവികുമാർ, പി. ഗോപാലകൃഷ്ണൻ നായർ, വി.പി. ഉണ്ണികൃഷ്ണൻ, പി. ശ്യാംകുമാർ, അരവിന്ദൻ പല്ലത്ത് എന്നിവർ സംസാരിച്ചു. പി. ജയചന്ദ്രൻ പാടിയ ഗാനങ്ങൾ കോർത്തിണക്കി ഗാനമേളയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.